കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യമാണ് ‘ഒരു രൂപക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം’. ഇന്ത്യന്‍സ് ഗാന്ധിയന്‍ പാര്‍ട്ടിയുടെ പേരിലാണ് പരസ്യം. വിളിക്കാന്‍ ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
മറ്റു പാര്‍ട്ടികളെപ്പോലെ അണികള്‍ ഇല്ലാത്തതിനാലാണ് പരസ്യം നല്‍കാനുള്ള പാര്‍ട്ടി അംഗങ്ങളുടെ തീരുമാനമെന്നാണ് ഈ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നൂതന സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പാര്‍ട്ടിയുടെ രംഗപ്രവേശം. എന്നാല്‍ മത്സര രംഗത്തുള്ള മറ്റുള്ളവരെപ്പോലെ പണമില്ലാത്തത് ഈ പാര്‍ട്ടി അണികളെ വലക്കുകയും ചെയ്യുന്നുണ്ട്.
സ്ഥാനാര്‍ഥിയാകണമെങ്കില്‍ ആദ്യം പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കണം. അതിന്റെ ചിലവാണ് ഒരു രൂപ. ശേഷം പാര്‍ട്ടി നിര്‍ദേശിക്കുന്ന അല്ലെങ്കില്‍ താല്‍പര്യമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാം. തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക പാര്‍ട്ടി തന്നെ സംഘടിപ്പിക്കും.
രണ്ടുദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് വഴിയാണ് മത്സരിക്കാന്‍ നിര്‍ത്തേണ്ട സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുക. അതിനായി പത്തോളം മണ്ഡലങ്ങളില്‍ ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന വികസന രേഖകള്‍ തയാറാക്കി നല്‍കുകയും വേണം. ശേഷം ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം മാത്രം പോരാ കഴിവും മാനദണ്ഡമാക്കുമെന്നാണ് അവകാശവാദം.