ഗാസയെ ഏറ്റെടുക്കാം,പലസ്തീൻകാർ ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേയെന്ന് ട്രംപ്; എതിർപ്പുമായി ലോകരാജ്യങ്ങൾ
ന്യൂയോർക്ക്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന്, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നത് -ട്രംപ് പറഞ്ഞു. എന്നാൽ, പുനർനിർമാണശേഷം ഗാസയിൽ ആരു ജീവിക്കുമെന്നകാര്യത്തിൽ അദ്ദേഹം വിശദീകരണമൊന്നും നടത്തിയില്ല.
ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു പിന്താങ്ങി. എന്നാൽ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുൾപ്പെടെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽലംഘനത്തിന് കാരണമാകുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകൾ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ബന്ദികളിൽ ഒരു യു.എസ്. പൗരനുമുണ്ട്.
ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂർണമായും തകർക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ മധ്യസ്ഥചർച്ചകൾക്ക് യു.എസിനൊപ്പം മുന്നിൽനിന്ന ഈജിപ്തിനും ഖത്തറിനും മേൽ പുതിയ സമ്മർദങ്ങൾക്കും ഈ തീരുമാനം വഴിയൊരുക്കും. പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ദീർഘകാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും.
ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഗാസയെ ‘ശുദ്ധീകരിച്ച്’ പലസ്തീൻകാരെ അയൽരാജ്യങ്ങളിലേക്ക് മാറ്റുന്ന ആശയം അദ്ദേഹം കഴിഞ്ഞമാസം പങ്കുവെച്ചിരുന്നു. ജോർദാനും ഈജിപ്തും പലസ്തീൻകാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് അന്ന് നിർദേശിച്ചത്.
ചരിത്രത്തെത്തന്നെ മാറ്റിമറിക്കുന്നതാണ് യു.എസിന്റെ തീരുമാനമെന്ന് നെതന്യാഹു പത്രസമ്മേളനത്തിൽ പറഞ്ഞു. ‘‘ഗാസ ഇനിയൊരിക്കലും ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യം. തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്ന ആ ഭൂമിക്ക് വ്യത്യസ്തമായൊരു ഭാവിയാണ് പ്രസിഡന്റ് ട്രംപ് കാണുന്നത്.’’ -നെതന്യാഹു പറഞ്ഞു.
ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനെതിരേ യു.എസിന്റെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്ത്. ട്രംപിന്റെ തീരുമാനത്തെ എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുദ്ധാനന്തരം പലസ്തീൻഭരണമാണ് അടിസ്ഥാനതത്ത്വമെന്ന് ചൈന വിശ്വസിക്കുന്നെന്ന് വിദേശകാര്യവക്താവ് ലിൻ ജിയാൻ പറഞ്ഞു.
ട്രംപിന്റെ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ പറഞ്ഞു. ഗാസയിലുള്ള പലസ്തീനികളെ നിർബന്ധപൂർവം പുറത്താക്കി ഗാസയെ പുനർനിർമിക്കരുതെന്ന് ഈജിപ്ത് പ്രതികരിച്ചു. സൗദി അറേബ്യയും എതിർപ്പറിയിച്ചു. ട്രംപിന്റെ പരാമർശങ്ങൾക്കുള്ള മറുപടിയായിട്ടല്ലെങ്കിലും, അന്താരാഷ്ട്രസംഘടനകളുടെ സഹായത്തോടെവേണം ഗാസയുടെ പുനർനിർമാണം നടത്തേണ്ടതെന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ പറഞ്ഞു. ഈജിപ്ത് വിദേശകാര്യമന്ത്രാലയവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.
പ്രസിഡന്റ്പദം ഏറ്റെടുത്തതിന് പിന്നാലെ ട്രംപ് നടത്തിവരുന്ന ഞെട്ടിക്കലുകളുടെ തുടർച്ചയാണ് ഗാസ പ്രഖ്യാപനം. ‘‘ഗാസ ഞങ്ങൾ ഏറ്റെടുക്കും. അവിടെയുള്ള പൊട്ടിത്തെറിക്കാത്ത ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കും. തകർന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. പ്രദേശത്തുള്ളവർക്ക് ജോലിയും പാർപ്പിടവും നൽകി അവിടെ സാമ്പത്തികവികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
മറ്റ് മാർഗങ്ങളൊന്നുമില്ലാത്തതിനാലാണ് പലസ്തീൻകാർ ഗാസയിലേക്ക് മടങ്ങുന്നത്. ഗാസയിപ്പോൾ തകർന്നടിഞ്ഞ ഒരിടംമാത്രമാണ്. എല്ലാ കെട്ടിടങ്ങളും നിലംപതിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിലാണ് അവിടെ ജനം താമസിക്കുന്നത്.’’
യു.എസ്.സൈന്യത്തെ ഗാസയിലേക്ക് അയക്കുമോ എന്ന ചോദ്യത്തിന് ‘‘ആവശ്യമായതെല്ലാം യു.എസ്. ചെയ്യുമെന്നും താൻ ഗാസ സന്ദർശിച്ചേക്കു’’മെന്നും ട്രംപ് മറുപടി നൽകി. ‘‘ഇസ്രയേലിനുമാത്രമല്ല. മൊത്തം ഗൾഫ്മേഖലയ്ക്കുതന്നെ ഗുണകരമായിരിക്കും ഈ നീക്കം. ആയിരക്കണക്കിന് തൊഴിലവസരമാണ് സൃഷ്ടിക്കപ്പെടുക. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനല്ല, എല്ലാവർക്കും ഞങ്ങൾ ജോലി നൽകും’’ -ട്രംപ് പറഞ്ഞു.
യു.എസിന്റേത് സ്ഥിരമായുള്ള അധിനിവേശമായിരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഈ തീരുമാനം ലളിതമായ ഒന്നല്ല. ഇതേക്കുറിച്ച് സംസാരിച്ചവരെല്ലാം, ഗാസയെ യു.എസ്. ഏറ്റെടുക്കുന്ന ആശയം ഇഷ്ടപ്പെടുന്നുണ്ട്. ഗൾഫ്മേഖലയിൽ സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ യു.എസിന് സഹായിക്കാൻകഴിയുമെങ്കിൽ, ഞങ്ങൾ അത് ചെയ്യും’’ -ട്രംപ് പറഞ്ഞു.