കൊച്ചി: അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി, ടി.ആര്.പി കൂട്ടിക്കാണിച്ച് കൂടുതല്‍ പരസ്യക്കാരെ നേടിയതിനെതിരെ മുംബൈ പൊലീസ് കേസെടുത്തത് വന്‍ വിവാദമായ സാഹചര്യത്തിലാണ് 2016 ഒക്ടോബറില്‍ ഇതേ രീതിയില്‍ കേരളത്തില്‍ നടന്ന തട്ടിപ്പും വാര്‍ത്തയാകുന്നത്.
ചുരുങ്ങിയ ദിവസങ്ങളില്‍ ഒരു മലയാളം വിനോദ ചാനലിന്റെ റേറ്റിങ് കുത്തനെ ഉയര്‍ന്നതാണ് സംശയത്തിന് ഇടവരുത്തിയത്. തുടര്‍ന്ന് ബാര്‍ക്കും (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ ഇന്ത്യ) കേരള ടി.വി ഫെഡറേഷനും ഡി.ജി.പിക്ക് പരാതി നല്കി. ഇവ രണ്ടിന്റെയും റേറ്റിങ് പിന്നീട് താഴ്ന്നതോടെ കേസ് ശ്രദ്ധിക്കപ്പെടാതെ പോയി. പ്രേക്ഷകന് ടി.വി കാണുന്ന സമയം രേഖപ്പെടുത്തുന്ന ബാര്‍ ഒ മീറ്ററുകള്‍ വീടുകളില്‍ സ്ഥാപിച്ചാണ് പ്രേക്ഷകമൂല്യം അളക്കുന്നത്. ഈ വീടുകളുടെ വിവരം ശേഖരിക്കാന്‍ രണ്ടു മലയാളം ചാനലുകള്‍ അവിഹിതമായി ശ്രമം നടത്തിയതായാണ് കണ്ടെത്തല്‍.