‘ഇനി ഞങ്ങളെ ഊതിക്കാന്‍ വരുമ്പോ ഐ.എ.എസുകാരെ വിളിച്ചാല്‍ മതിയോ സാറേ?’; കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല
കോട്ടയം: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിച്ച സംഭവത്തില്‍ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രോള്‍ രൂപത്തിലാണ് ആ പ്രതിഷേധം. ”നിയമം എല്ലാവര്‍ക്കും ഒരുപോലാണോ സാറേ?”, ”മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാല്‍ പോലീസ് ശരിക്കും ചെയ്യേണ്ട നടപടിക്രമം ഒന്നു പറയാമോ?”, ”ഇനി ഞങ്ങളെ ഊതിക്കാന്‍ വരുമ്പോ ഐഎഎസ് കാരെ വിളിച്ചാല്‍ മതിയോ സാറേ?” തുടങ്ങി ട്രോള്‍ രൂപത്തില്‍ വലിയ പൊങ്കാല തന്നെയാണ് ഈ പേജില്‍ നടക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതു പോലീസിന്റെ ഗുരുതര വീഴ്ച മൂലമാണ് എന്ന കോടതിയുടെ നിരീക്ഷിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസിന്റെ ഔദ്യോഗിക പേജ് ട്രോള്‍ മഴകൊണ്ട് നിറയുന്നത്. അതേസമയം കമന്റുകള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കാറുള്ള കേരള പോലീസ് പേജില്‍ പക്ഷെ ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം.