മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസിനെ യു ഡി എഫ് ഘടകകക്ഷിയാക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് അയച്ച് നിലമ്പൂര്‍ മുന്‍ എം എല്‍ എ പി വി അന്‍വര്‍. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് പി വി അന്‍വര്‍ കത്ത് അയച്ചിരിക്കുന്നത്.
പത്ത് പേജുള്ള കത്തില്‍ യു ഡി എഫുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. യു ഡി എഫിലെ മറ്റ് ഘടകകക്ഷി നേതാക്കള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് എം എല്‍ എ സ്ഥാനം രാജി വെച്ചത് എന്നും തൃണമൂലില്‍ ചേര്‍ന്ന രാഷ്ട്രീയ സാഹചര്യം എന്ത് എന്നുമെല്ലാം അന്‍വര്‍ കത്തില്‍ വിശദീകരിക്കുന്നുണ്ട്. രണ്ട് ദിവസം മുന്‍പാണ് കത്ത് യു ഡി എഫിന് ലഭിച്ചത്.
തന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമാക്കിയാല്‍ ഉണ്ടാകുന്ന ഗുണവും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അന്‍വറിന്റെ കത്തില്‍ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കെ പി സി സിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ അന്‍വറിന്റെ കത്ത് ചര്‍ച്ചയ്‌ക്കെടുത്തേക്കും. അതേസമയം അന്‍വറിനെ പെട്ടെന്ന് മുന്നണിയില്‍ എടുക്കേണ്ടതില്ല എന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവെച്ചത്. 2016 ലും 2021 ലും നിലമ്പൂരില്‍ സി പി എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ചയാളാണ് അന്‍വര്‍. എന്നാല്‍ അടുത്തിടെ സംസ്ഥാന സര്‍ക്കാരിനോടും പാര്‍ട്ടിയോടും കലഹിച്ച അന്‍വര്‍ ഡിഎംകെ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
സ്വതന്ത്ര എംഎല്‍എയായതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വരും എന്നതിനാലാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. നിലമ്പൂരില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും എന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ തൃണമൂല്‍ കേരള ഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററാണ് അന്‍വര്‍.
മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നാണ് അന്‍വറിന്റെ നിര്‍ദേശം. ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.