FeaturedFootballNewsSports

ദൈവം വിടപറഞ്ഞു…കയ്യൊപ്പു പതിഞ്ഞ ഓര്‍മ്മകള്‍ ബാക്കി… മറഡോണയ്ക്ക് മരണമില്ല

ഡീഗോ അര്‍മാന്‍ഡോ മാറഡോണ, ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുല്‍മൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് ഒരു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനസുകളില്‍ ഇന്നും സ്ഥാനംപിടിച്ചിരിക്കുന്നയാള്‍. ഫുട്‌ബോള്‍ മൈതാനത്തെ ഓരോ പുല്‍നാമ്പുകളെ പോലും ത്രസിപ്പിച്ചിരുന്ന ഇതിഹാസം വിടപറയുമ്പോള്‍ ലോകമൊന്നാകെ കണ്ണീര്‍വാര്‍ക്കുന്നു.

1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണ. റോമന്‍ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാറഡോണയുടെ പേരിലെ അര്‍മാന്‍ഡോ എന്ന ഭാഗത്തിന്റെ അര്‍ഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ആ ടൗണിലെ ഏറ്റവും ദരിദ്രരായ കുടുംബം. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന് മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന ആ കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.ഫുട്‌ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയില്‍ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ആ പന്ത് മറ്റാരും എടുക്കാതിരിക്കാന്‍ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. എപ്പോഴും പന്തും കൊണ്ട് നടക്കുന്ന അവനെ പഠിത്തമടക്കമുള്ള മറ്റ് കാര്യങ്ങളില്‍ ശ്രദ്ധിക്കാനായി അമ്മ ഡാല്‍മ ചീത്ത പറയുന്നതും പതിവായിരുന്നു. പലപ്പോഴും ആ പന്ത് അവരെടുത്ത് ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യും. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. ഒടുവില്‍ അവര്‍ക്ക് മനസിലായി ഫുട്‌ബോളാണ് അവന്റെ ജീവിതമെന്ന്.

ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ നല്ല ഫുട്‌ബോള്‍ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന ‘ലിറ്റില്‍ ഒനിയനി’ലേക്ക് അവന്‍ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞന്‍ മാറഡോണ ടീമിലെത്തിയ ശേഷം തുടര്‍ച്ചയായ 140 മത്സരങ്ങളാണ് ലിറ്റില്‍ ഒനിയനിയന്‍ ജയിച്ചുകയറിയത്. അവന്റെ അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളുമെല്ലാം തന്നെ കുഞ്ഞ് മാറഡോണയെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.

തന്നേക്കാള്‍ പ്രായം കൂടിയവരുടെ കൂടെ കളിക്കുന്ന കുട്ടിയുടെ അസാമാന്യമായ കഴിവ് ശ്രദ്ധയില്‍പ്പെട്ട ബണസ് ഐറിസിലെ ഒരു ന്യൂസ് ഔട്ട്‌ലെറ്റ് അവനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. പക്ഷേ അന്ന് അവന്‍ മാറഡോണയുടെ പേര് തെറ്റിച്ചാണ് കൊടുത്തത്. കാറഡോണ എന്ന്. എന്നിരുന്നാലും അതോടെ അവന്റെ തലവര മാറി.

12-ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മാറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ടീമിലേക്ക്. അങ്ങനെ 1976-ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. 2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മാറഡോണയുടെ പേരിലായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനില്‍ 19-ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മാറഡോണയുടെ വരവോടെ 1980-ല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

പിന്നീട് 1977-ല്‍ തന്റെ 16-ാം വയസില്‍ ദേശീയ ടീമിന്റെ നീലക്കുപ്പായം മാറഡോണയെ തേടിയെത്തി. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം. പക്ഷേ പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978-ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല. 1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തില്‍ രാജ്യത്തിനായുള്ള ആദ്യ ഗോള്‍ മാറഡോണ കുറിച്ചു.

അതേ വര്‍ഷം തന്നെ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മാറഡോണ, അര്‍ജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മാറഡോണയ്ക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയിട്ടുള്ള ഏക താരവും അദ്ദേഹമാണ്.

1981-ല്‍ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്‌സ് സ്വന്തമാക്കി. അതേ വര്‍ഷം തന്നെ ബൊക്ക ജൂനിയേഴ്‌സിനൊപ്പം അര്‍ജന്റീന ലീഗ് ക്ലബ്ബ് ഫുട്‌ബോള്‍ കിരീടവും മാറഡോണ സ്വന്തമാക്കി. 1982-ല്‍ അര്‍ജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അര്‍ജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരന്‍ ജോവോ ബാറ്റിസ്റ്റാ ഡസില്‍വയെ ചവിട്ടിവീഴ്ത്തിയതിന് മാറഡോണ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.

ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളര്‍ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ സ്വന്തമാക്കി. 1983-ല്‍ ബാഴ്‌സയ്‌ക്കൊപ്പം കോപ്പ ഡെല്‍ റേ കപ്പും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കി. ബാഴ്‌സയില്‍ മികച്ച രണ്ടു വര്‍ഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളില്‍ നിന്നായി ബാഴ്‌സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി. പക്ഷേ പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. ഒടുവില്‍ 1984-ല്‍ ബാഴ്‌സ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലേക്ക്. അന്നത്തെ റെക്കോഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക.ബാഴ്‌സയിലായിരുന്ന കാലത്താണ് താന്‍ കൊക്കെയ്‌ന് അടിമയായതെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

1984 നവംബര്‍ ഏഴിനാണ് മാറഡോണയുടെ ജീവിതത്തിലെ ഏറ്റവും വലിയ മാറ്റം നടക്കുന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ക്ലോഡിയ വില്ലഫെയ്‌നെ താരം ജീവിതത്തിലേക്ക് കൂട്ടി. 1987 ഏപ്രില്‍ രണ്ടിന് ഇരുവര്‍ക്കും ആദ്യ കുട്ടി ജനിച്ചു. ഡാല്‍മ നെരിയ. 1989 മേയ് 16-നായിരുന്നു രണ്ടാമത്തെ മകള്‍ മകള്‍ ജിയാനിന്ന ഡിനോരയുടെ ജനനം.

എന്നാല്‍ മയക്കുമരുന്നിന്റെ ഉപയോഗവും മറ്റ് ബന്ധങ്ങളും താരത്തിന്റെയും ക്ലോഡിയയുടെയും ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തി. 15 വര്‍ഷക്കാലത്തെ ദാമ്പത്യത്തിനു ശേഷം 2004-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഡിവോഴ്‌സ് നടപടികള്‍ക്കിടെയാണ് തനിക്ക് മറ്റൊരു ബന്ധത്തില്‍ ഒരു മകനുണ്ടെന്ന് മാറഡോണ വെളിപ്പെടുത്തുന്നത്.

1984 മുതല്‍ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളില്‍ നിന്ന് 81 തവണ സ്‌കോര്‍ ചെയ്തു. മാറഡോണയുടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ സുവര്‍ണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവര്‍ണ കാലവും ഇതായിരുന്നു. 1986-87, 1989-90 സീസണുകളില്‍ ക്ലബ്ബ് സീരി എ കിരീടത്തില്‍ മുത്തമിട്ടു. 1988-89 സീസണില്‍ യുവേഫ സൂപ്പര്‍ കപ്പിലും മാറഡോണ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. 1987-88, 1988-89 സീസണുകളില്‍ ഇറ്റാലിയന്‍ലീഗില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്ലബ്ബിനായി. ഇതിനൊപ്പം 1986-87 സീസണില്‍ കോപ്പാ ഇറ്റാലിയ കിരീടവും 1990-91 സീസണില്‍ സൂപ്പര്‍ കോപ്പ ഇറ്റാലിയാന കിരീടവും നാപ്പോളി സ്വന്തമാക്കി.

പക്ഷേ തുടര്‍ന്ന് ക്ലബ്ബുമായി അഭിപ്രായ ഭിന്നത രൂപപ്പെട്ടു. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ക്ലബ്ബ് 30,000 ഡോളര്‍ താരത്തില്‍ നിന്ന് ഈടാക്കി. ഇതോടെ യുവേഫ കപ്പില്‍ കളിക്കാന്‍ വിസമ്മതിച്ചു. മയക്കുമരുന്നിന്റെ ഉപയോഗവും അവിഹിത ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങളും മാറഡോണയെ പത്രങ്ങളിലെ സ്ഥിരം തലക്കെട്ടാക്കി.

ഇതിനിടെ 1986-ല്‍ തന്റെ രണ്ടാം ലോകകപ്പില്‍ അര്‍ജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ അദ്ദേഹം കിരീടത്തിലേക്ക് നയിച്ചു. 1986-ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയ രണ്ടു ഗോളുകളും (ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോള്‍) ചരിത്രത്തില്‍ ഇടംനേടി. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ തോല്‍പ്പിച്ച് കീരിടവുമായാണ് മാറഡോണയുടെ ടീം മടങ്ങിയെത്തിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയതും മാറഡോണ തന്നെ.

1990 ഇറ്റലി ലോകകപ്പിലും മാറഡോണ തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍. ചാമ്പ്യന്മാരായ അര്‍ജന്റീനയെ ആദ്യ മത്സരത്തില്‍ പക്ഷേ കാമറൂണ്‍ അട്ടിമറിച്ചു. കഷ്ടിച്ച് ഫൈനല്‍ വരെ എത്തിയ ടീം പശ്ചിമ ജര്‍മനിയോട് തോറ്റു.

രാജ്യത്തിനായി നാലു ലോകകപ്പുകള്‍ കളിച്ച മാറഡോണ 21 മത്സരങ്ങളില്‍ നിന്ന് എട്ടു ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. അര്‍ജന്റീനയ്ക്കായി 91 മത്സരങ്ങളില്‍ നിന്ന് 34 തവണ അദ്ദേഹം സ്‌കോര്‍ ചെയ്തു.

പിന്നീട് 1991 മാര്‍ച്ച് 17-ന് ഒരു ഫുട്‌ബോള്‍ മത്സരത്തിന് ശേഷം നടന്ന പരിശോധനയില്‍ താരം കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് 15 മാസത്തെ വിലക്ക്. അര്‍ജന്റീനയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ കൊക്കെയ്ന്‍ കൈവശം വെച്ചതിന് താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊക്കെയ്ന്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദേശിച്ചു.

1992-ല്‍ വിലക്ക് അവസാനിച്ചെങ്കിലും നാപ്പോളിക്ക് കളിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് നാപ്പോളി വിട്ട് സ്പാനിഷ് ക്ലബ്ബ് സെവിയ്യയിലേക്ക് കൂടുമാറി. ഒരു സീസണില്‍ സെവിയ്യയ്ക്കായി കളിച്ച താരം പിന്നീട് ക്ലബ്ബുമായി തെറ്റിപ്പിരിഞ്ഞ് 1993-ല്‍ നാട്ടിലെ നേവല്‍സ്സ് ഓള്‍ഡ് ബോയ്‌സില്‍ ചേര്‍ന്നു. പിന്നീട് 1994-ല്‍ ക്ലബ്ബിന്റെ പരിശീലനത്തില്‍ പങ്കെടുക്കുന്നില്ലെന്നാരോപിച്ച് താരത്തെ നേവല്‍സ്സ് ഓള്‍ഡ് ബോയ്‌സ് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും ബൊക്ക ജൂനിയേഴ്‌സിലേക്ക്.

1994-ല്‍ പത്രക്കാരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരില്‍ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയില്‍ എഫെഡ്രിന്‍ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി.

1996-ല്‍ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.

എങ്കിലും മയക്കുമരുന്നിന്റെ ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളഷാക്കി. 2000-ല്‍ കൊക്കെയ്ന്‍ ഉപയോഗത്തെ തുടര്‍ന്ന് ഹൃദയത്തിനുണ്ടായ പ്രശ്‌നങ്ങള്‍ കാരണം തളര്‍ന്നുവീണ അദ്ദേഹം യുറഗ്വായിലെ ആശുപത്രിയില്‍ ചികിത്സ നടത്തി. പിന്നീട് ലഹരി ഉപയോഗത്തില്‍ നിന്ന് രക്ഷ നേടാന്‍ ക്യൂബയില്‍. നാലു വര്‍ഷത്തോളം അവിടെ കഴിഞ്ഞു.

അതേ വര്‍ഷം ഫിഫ നടത്തിയ വോട്ടെടുപ്പില്‍ 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ മാറഡോണ നേടിയ രണ്ടാമത്തെ ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുത്തു.

2004-ല്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായി.

പിന്നീട് 2005-ല്‍ നൈറ്റ് ഓഫ് ടെന്‍ എന്ന പരിപാടിയുടെ അവതാരകനായി മാറഡോണയെത്തി. പെലെ ആദ്യ അതിഥിയായി. തുടര്‍ന്ന് മൈക്ക് ടൈസന്‍, സിദാന്‍, റൊണാള്‍ഡീഞ്ഞോ, ക്രെസ്‌പോ ഫിഡെല്‍ കാസ്‌ട്രോ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

2008-ല്‍ അദ്ദേഹത്തെ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചു. 2010 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് തോറ്റ് അര്‍ജന്റീന ടീം പുറത്തായതോടെ മാറഡോണയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതുക്കിയില്ല.

പിന്നീട് അല്‍ വാസല്‍, ഡിപോര്‍ട്ടിവോ റിയെസ്ട്ര, ഫുജെയ്‌റ, ഡൊറാഡോസ് ഡെ സിനാലോ, ജിംനാസിയ ഡെ ലാ പ്ലാറ്റ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker