തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. വെള്ളിയാഴ്ച മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിര്‍ദേശം. ഡ്രൈവിങ് സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്‌ക്കെടുക്കാനും ശ്രമമുണ്ട്.
കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പെടെ ടെസ്റ്റ് നടത്തും. മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നൽകി.
ഡ്രൈവിങ് സ്കൂളുകാരുടെ സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്. പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദേശം.
ഈ മാസം രണ്ടു മുതൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് പ്രാബല്യത്തിലാക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ ആദ്യദിനം മുതൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്തെവിടെയും ഇതു നടത്താനായില്ല.
പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചതു മുതൽ സിഐടിയു ഉൾപ്പെടെ ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ സമരത്തിലാണ്. ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ സിഐടിയു പിന്മാറിയെങ്കിലും മറ്റു യൂണിയനുകൾ രംഗത്തുണ്ട്. അവധിക്കാലം കൂടി കണക്കിലെടുത്തു വിദേശത്തുനിന്നു ടെസ്റ്റിനായി വന്നവരും പെരുവഴിയിലായി. ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചാണ് പരിഷ്കാരങ്ങൾ ഭേദഗതി ചെയ്തതെന്നാണ് സർക്കാർ നിലപാട്.