ഇടുക്കി: ദേശീയപാതയിൽ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. കൊച്ചി ധനുഷ്കോടി ദേശീയപാത 85 ഗ്യാപ്പ് റോഡിലൂടെയുള്ള ഗതാഗതത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മേഖലയിൽ മഴ വീണ്ടും ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകിട്ട് ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് നിരോധനമെങ്കിലും അഞ്ചുമണിയോടെ റോഡ് അടക്കുകയായിരുന്നു. ശക്തമായ മഴ ഉണ്ടായതിനെ തുടർന്നാണ് അഞ്ചുമണിയോടെ റോഡ് അടച്ചത്.
ഏഴാം തീയതി മലയിടിച്ചിലിനെ തുടർന്ന് കൂറ്റൻപാറകൾ അടർന്നുവീണ് തടസ്സപ്പെട്ട ഗതാഗതം, ഒരു വാഹനത്തിന് മാത്രം കടന്നുപോകുന്ന തരത്തിൽ മണ്ണ് നീക്കം ചെയ്ത് ഇന്ന് രാവിലെയാണ് തുറന്നു നൽകിയത്.
എന്നാൽ ഉച്ചയ്ക്കുശേഷം മഴ വീണ്ടും തുടങ്ങുകയും വൈകുന്നേരത്തോടെ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ്, ജാഗ്രത മുൻകരുതലിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം വീണ്ടും ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മുൻവർഷങ്ങളിലും ശക്തമായ മഴയെത്തുടർന്ന് നിരവധി തവണ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.