തിരുവനന്തപുരം: ഒരു ദിവസം അവധി കിട്ടും എന്നത് മാത്രമായിരുന്നു കലാമേളയുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധമെന്ന് നടന്‍ ടൊവിനോ തോമസ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, വിധിവൈപരിത്യം പോലെ താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മേഖല കലാരംഗമാണ്. ഇനി എനിക്ക് നാട്ടില്‍ ചെന്ന് പറയാന്‍ കഴിയും, ഞാനും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ആളാണെന്ന് – ടൊവിനോ പറഞ്ഞു.
‘ഇവിടെ നില്‍ക്കുമ്പോള്‍ സന്തോഷവും പ്രതീക്ഷയുമാണുള്ളത്. ഭാവിയുടെ വാഗ്ദാനങ്ങളായി വളര്‍ന്നുവരുന്നത് കാണുന്നത് അഭിമാനകരമാണ്. ജീവിതത്തില്‍ ഒരിക്കലും കലയെ കൈവിടരുത്. കല മനുഷ്യരെ തമ്മില്‍ തമ്മില്‍ അടുപ്പിക്കുകയും സ്‌നേഹിപ്പിക്കുകയും ചെയ്യും. കലയുടെ ആത്യന്തികമായ ലക്ഷ്യം വിനോദമാണെങ്കിലും അത് മനുഷ്യരില്‍ സൗഹൃദം സൃഷ്ടിക്കുന്നു. ഇവിടെനിന്ന് കുട്ടികള്‍ക്ക് ഒരുപാട് സൗഹൃദങ്ങള്‍ ലഭിച്ചുകാണും അത് കാത്തുസൂക്ഷിക്കണം’- ടൊവിനോ കൂട്ടിച്ചേർത്തു.
അടുത്ത തവണയും കലോത്സവത്തിന് ക്ഷണം കിട്ടുമെങ്കില്‍ മോഡേണ്‍ വസ്ത്രമിട്ട് വരാമെന്നും ടൊവിനോ പറഞ്ഞു. ഞാന്‍ ഏത് വസ്ത്രമിടുമെന്നുള്ള വീഡിയോ കണ്ടിരുന്നു. സന്തോഷം തോന്നി. ഞാന്‍ എന്ത് വേഷമിട്ടാലും ഇഷ്ടമാണെനുള്ളത് പറഞ്ഞത് കേട്ടതും സന്തോഷം തോന്നി. ഞാന്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും ഇട്ടാല്‍ നന്നാകുമെന്ന് തോന്നി-ടൊവിനോ പറഞ്ഞു.