പാലിയേക്കരയില്‍ ടോൾ നിരക്ക് കൂട്ടി; സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിരക്കിൽ ടോൾ പിരിവ്
പാലിയേക്കര: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾനിരക്ക് ഉയർത്തുന്നു. അഞ്ചുമുതൽ 30 രൂപ വരെയാണ് വർധന. സെപ്റ്റംബർ ഒന്നുമുതൽ പാലിയേക്കര ടോൾ പ്ലാസയിൽ പുതിയ നിരക്കിലായിരിക്കും ടോൾപിരിവ്. ഇതുസംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന മാറ്റമനുസരിച്ചാണ് വർഷംതോറും ടോൾനിരക്ക് പരിഷ്കരിക്കുന്നത്. നേരത്തെ സൗജന്യയാത്ര അനുവദിച്ചിരുന്ന പ്രാദേശികവാഹനങ്ങളുടെ നിരക്കിന് മാറ്റമില്ല. പത്തുകിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 150 രൂപയും 20 കിലോമീറ്ററിനുള്ളിലുള്ള വാഹനങ്ങൾക്ക് 300 രൂപയും പ്രതിമാസ ഫീസ് നൽകിയാണ് പാസ് പുതുക്കുന്നത്.
കരാർവ്യവസ്ഥപ്രകാരം ടോൾനിരക്ക് വർധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ അപര്യാപ്തതകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് ഈ വർധന. കിലോമീറ്ററുകളോളം സർവീസ് റോഡ് ഇപ്പോഴും അപൂർണമാണ്. ഡ്രെയ്നേജും വിശ്രമകേന്ദ്രങ്ങളും ബസ് ബേയും ഉൾപ്പെടെ ഇപ്പോഴും പൂർണമായി പണിതിട്ടില്ല.