മധുര: കൊലപാതകികളായി കാണരുതെന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ ആര്‍ പി രവിചന്ദ്രന്‍. കൊലപാതകികളെല്ലെന്നും ഇരകളായി കാണണമെന്നും ആര്‍ പി രവിചന്ദ്രന്‍ എഎന്‍ഐയോട് പറഞ്ഞു. വധക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് മൂന്ന് പതിറ്റാണ്ടോളം തടവില്‍ കഴിഞ്ഞിരുന്ന ആറ് പ്രതികളെ കഴിഞ്ഞ ദിവസമായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം വിട്ടയച്ചിരുന്നു.
‘ഉത്തരേന്ത്യക്കാര്‍ ഞങ്ങളെ തീവ്രവാദികളായോ കൊലപാതകികളായി കാണരുത്. പകരം ഇരകളായി കാണണം. ആരാണ് തീവ്രവാദികളെന്നും ആരാണ് സ്വാതന്ത്ര്യ സമര സേനാനികളെന്നും കാലമാണ് തെളിയിക്കുക. തീവ്രവാദികളാണെന്ന് മുദ്രകുത്തപ്പെട്ടെങ്കിലും ഞങ്ങള്‍ നിരപരാധികളാണെന്ന് കാലം തെളിയിച്ചിരിക്കുകയാണ്.’ മധുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആര്‍ പി രവിചന്ദ്രന്‍.
അതേസമയം രാജീവ് ഗാന്ധിയുടെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നാണ് ജയില്‍ മോചിതയായ ശേഷം കേസിലെ മറ്റൊരു പ്രതി നളിനി ശ്രീഹരന്‍ പ്രതികരിച്ചത്. ‘അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്. എന്നെങ്കിലുമൊരു ദിവസം അവര്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ എന്നായിരുന്നു നളിനിയുടെ പ്രതികരണം. രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് അവര്‍ തന്നെ കാണുമെന്ന് തോന്നുന്നില്ല, അതിനുള്ള സമയം എന്നോ കഴിഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും നളിനി പറഞ്ഞിരുന്നു.
1991 മേയ് 21ന് തമിഴ്‌നാട്ടിലെ പെരുമ്പത്തൂരില്‍ എല്‍ടിടിഇ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ഉള്‍പ്പടെ ആറു പേര്‍ ആണ് കഴിഞ്ഞ ശനിയാഴ്ച ജയില്‍ മോചിതരായത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട് പയസ് എന്നിവരാണ് ജയില്‍ മോചിതരായത്.
മറ്റൊരു പ്രതി എജി പേരറിവാളനെ സുപ്രീം കോടതി സവിശേഷ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നളിനിയും മറ്റു പ്രതികളും നിയമപോരാട്ടം ശക്തമാക്കിയതോടെയാണ് കോടതി ഇവരെ വിട്ടയക്കുന്നത്. ഇതോടെ കേസില്‍ 1999ല്‍ ശിക്ഷ വിധിച്ച ഏഴുപേരും മോചിതരായി.