മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടികൂടാനുള്ള തീവ്രശ്രമം തുടര്‍ന്ന് വനംവകുപ്പ്. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാല്‍, കുഞ്ഞോം, മാനന്തവാടി ആര്‍ആര്‍ടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ എന്നിവരുടെ സംഘത്തില്‍ നിന്നുള്ള 85 ജീവനക്കാരാണ് നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടതായി സംശയം. വനം വകുപ്പ് സ്ഥലത്തേക്ക് പുറപ്പെട്ടു.
മയക്കുവെടി വയ്ക്കാനും, അവശ്യ സാഹചര്യത്തില്‍ വെടിവയ്ക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങള്‍ സഹിതമാണ് തിരച്ചില്‍. രണ്ടു വാക്കി ടോക്കികള്‍, 38 ക്യാമറ ട്രാപ്പുകള്‍, ഒരു ലൈവ് ക്യാമറ എന്നിവയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. ഡോ. അജേഷ് മോഹന്‍ദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ ബത്തേരി ആര്‍ആര്‍ടി സംഘം 2 ട്രാന്‍ക്വിലൈസേഷന്‍ ഗണ്ണുകള്‍, 2 ടൈഗര്‍ നെറ്റ്കള്‍ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീടിനു സമീപത്തെ സമുദായ ശ്മശാനത്തില്‍ ഇന്നു രാവിലെ 11 മണിയോടെ സംസ്‌കരിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെയോടെയാണു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.
അതേ സമയം ദൗത്യം വൈകുന്നതില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമാകുന്നു. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായി. ഇതിനിടെ വനമന്ത്രി എ.കെ.ശശീന്ദ്രന്‍ ഞായറാഴ്ച വയനാട്ടിലെത്തും. 11 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കും.
പ്രതിഷേധം ശക്തമാകുന്നതിനിടെ ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ക്യാമ്പ് ഓഫീസിലെത്തിയിരുന്നു. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സിസിഎഫ് കെ.എസ് ദീപ, എഡിഎം കെ ദേവകി, ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കടുവയെ വെടിവെച്ച് കൊല്ലണം. എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷാ ഉറപ്പാക്കണം. പ്രിയദര്‍ശിനി തൊഴിലാളികള്‍ക്ക് കൂലിയോടുള്ള അവധി നല്‍കണം. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കടുവയെ പിടികൂടുന്ന വരെ സ്‌കൂളിലേക്ക് പോകാന്‍ സര്‍ക്കാര്‍ വാഹനം സജ്ജമാക്കണം.രാധയുടെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കണം. നഷ്ടപരിഹാര തുക ബാക്കി ഉടനടി നല്‍കണം.അയല്‍ ജില്ലകളിലെ ആര്‍ആര്‍ടി എത്തിക്കണം, തുടങ്ങിയവയാണ് ജനങ്ങളുടെ ആവശ്യം.
കടുവയെ വെടിവെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. കളക്ടര്‍ മൂന്ന് മണിയോടെ സ്ഥലത്തെത്തുമെന്നും ജനങ്ങളോട് സംസാരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ നാലു മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്തിയിട്ടില്ല. അതാണ് പ്രതിഷേധം അണപൊട്ടാന്‍ കാരണം.
പ്രതിഷേധക്കാര്‍ ബേസ് ക്യാമ്പിന്റെ വരാന്തയില്‍ കേറി പ്രതിഷേധിച്ചു. ഡിഎഫ്ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കാണണമെന്നാണ് ആവശ്യം. കടുവയുടെ ദൃശ്യം ലഭിച്ചാല്‍ പോലും ഏത് ഡേറ്റാബേസിലുള്ള കടുവയാണ് എന്നുള്‍പ്പടെ ഉറപ്പാക്കി പരിശോധന നടത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കണോ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.