തൃക്കാക്കരയിൽ കനത്ത പോളിങ്: മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി
കൊച്ചി: ഒരുമാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കും ഉദ്വേഗങ്ങള്‍ക്കും ഒടുവില്‍ തൃക്കാക്കര വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 21 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തുകഴിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് മുന്നണികള്‍ അവകാശവാദം ഉന്നയിച്ചു.
ഇതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ മദ്യപിച്ചെത്തിയെന്ന ആരോപണം ഉയര്‍ന്നു. ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
വൈകിട്ട് 6 മണി വരെയാണ് പോളിങ്. ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്. 3633 പേര്‍ കന്നി വോട്ടര്‍മാരാണ്. 1,01,530 സ്ത്രീ വോട്ടര്‍മാരുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ഒരു വോട്ടറുണ്ട്. 164 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 75 ഓക്സിലറി ബൂത്തുകളുണ്ട്. അഞ്ചു മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകള്‍മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ട്.