CrimeFeaturedHome-bannerKeralaNewsNews

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് മൂന്ന് പേരെ; കാർ വാടകയ്ക്ക് എടുത്തത് എ.എസ്.ഐ., രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി:ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെ 7.10-നാണ് സംഭവം. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു. ആഡംബര കാറിലെത്തിയ നാലംഗസംഘം മൂന്ന് യുവാക്കളെ മര്‍ദിച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചു. പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്ന് പോലീസ് അറിയിച്ചു.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചുവപ്പ് നിറത്തിലുള്ള കാര്‍ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ഉപേക്ഷിച്ച് ഏഴംഗ സംഘം കടന്നുകളഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണിത്.

പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് കണിയാപുരം വാടകയില്‍മുക്കില്‍ എത്തിയ സംഘം കായല്‍ തീരത്തോട് ചേര്‍ന്ന പുരയിടത്തില്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. പുരയിടത്തിന്റെ മതില്‍ ചാടിയാണ് സംഘം രക്ഷപ്പെട്ടത്. സംഘത്തിലെ രണ്ടുപേര്‍ പള്ളിനടയിലെത്തി ഓട്ടോയില്‍ പള്ളിത്തുറയില്‍ ഇറങ്ങിയശേഷം രക്ഷപ്പെട്ടു. ഓട്ടോചാര്‍ജ് യു.പി.ഐ. വഴിയാണ് കൊടുത്തത്. പോലീസ് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു.

യു.പി.ഐ.യുടെ ട്രാന്‍സാക്ഷന്‍ ഐഡിയും ഫോണ്‍ നമ്പറും പോലീസ് കണ്ടെത്തി. ഇതേ ഫോണ്‍നമ്പറില്‍ നിന്നും അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയില്‍നിന്നും സംഘം ജ്യൂസ് കുടിച്ചതിന്റെ ബില്ലും കണ്ടെത്തി. കൂടാതെ പാപ്പനംകോട്ട് നിന്നും കാറിന് കാറ്റടിക്കുന്ന എയര്‍ പമ്പ് വാങ്ങിയതായും കണ്ടെത്തി. സംഭവമറിഞ്ഞ് തിരുവനന്തപുരം റൂറല്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി വാഹനം പരിശോധിച്ചു.

കാര്‍ പത്തനംതിട്ടയില്‍ നിന്നും വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് കണ്ടെത്തി. പത്തനംതിട്ട എ.ആര്‍.ക്യാമ്പിലെ എ. എസ്. ഐ. സുരേഷ് ബാബുവാണ് കാര്‍ വാടകയ്ക്ക് എടുത്തത്. ഗള്‍ഫില്‍ നിന്ന് വരുന്ന സുഹൃത്തിനു വേണ്ടിയാണ് കാര്‍ വാടകയ്ക്ക് എടുത്തതെന്ന് സുരേഷ് ബാബു പറഞ്ഞു. കാര്‍ എങ്ങനെ തട്ടിക്കൊണ്ടുപോകല്‍ നടത്തിയവരുടെ കൈയില്‍ കിട്ടിയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. സുരേഷ് ബാബു കഠിനംകുളം പോലീസ് സ്റ്റേഷനില്‍ എത്തി എസ്.പി.യ്ക്ക് മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ആരെയാണ് തട്ടിക്കൊണ്ടുപോയത് എന്നുള്ള വിവരം പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഉപേക്ഷിച്ച വാഹനം ആലുവ പോലീസിന് കൈമാറി.

അഞ്ചുദിവസം മുന്‍പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മതാധ്യാപകനെയും തട്ടികൊണ്ടുപോയിരുന്നു. കൊല്ലം സ്വദേശിയായ ഇയാളെ ആലപ്പുഴയ്ക്ക് സമീപം റോഡില്‍ ഇറക്കിവിട്ടതായി പോലീസ് കണ്ടെത്തി. ഇയാള്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായില്ല. രണ്ട് സംഭവങ്ങളുമായും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker