KeralaNews

കാസർകോഡ്  മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു

കാസർകോഡ്:  മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് താമസിക്കുന്ന തൃശ്ശൂർ സ്വദേശി ബലേഷിൻ്റെയും അശ്വതിയുടെയും മകൻ ശ്രീബാലുവാണ് മരിച്ചത്. പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് ചികിത്സ തേടിയിരുന്നു. ഇന്നലെ രാത്രി രോഗം മൂർഛിച്ചതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ്  മരണം. സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനക്ക് അയക്കും.

ഇന്നലെയാണ് ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്.

അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ്  ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. 

‘അപൂർവമായി കാണപ്പെടുന്ന രോ​ഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. മറ്റുള്ളവരിലേക്ക് പകരുന്ന ഒരു രോ​ഗമല്ല ഇത്. ഇത് വരെ വളരെ കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, ഈ രോ​ഗം തലച്ചോറിലേക്ക് ബാധിച്ച് കഴിഞ്ഞാൽ മരിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ ചില മുൻകരുതലുകൾ ആവശ്യമാണ്. വളരെ ചെറിയൊരു അമീബയാണ് ഇത്. തല‌ച്ചോറിലേക്ക് രോ​ഗം ബാധിച്ച് കഴിഞ്ഞാൽ മരിക്കാനുള്ള സാധ്യത കൂടുതലാണ്. വേനൽക്കാലത്താണ് ഈ രോ​ഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മലിനമായ വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. മറ്റൊന്ന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രമിക്കുക’  ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker