മലപ്പുറം: രണ്ട് കോടിയോളം വില വരുന്ന പാമ്പിന്‍ വിഷവുമായി പത്തനംതിട്ട അരുവാപ്പുലം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം മൂന്നു പേര്‍ പിടിയില്‍. പത്തനംതിട്ട കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടിപി കുമാര്‍ (63), പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രതീപ് നായര്‍ (62),തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്. ടിപി കുമാര്‍ അരുവാപുലം മുന്‍പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം നേതാവുമാണ്.
ഇന്നലെ വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ഫ്ലാസ്‌കില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിന്‍ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക് വില്പന നടത്താന്‍ വേണ്ടിയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പറയുന്നു.
ഒരു മില്ലിഗ്രാമിന് വില 20 ലക്ഷത്തോളം രൂപക്കാണ് ഇവ വില്‍പന നടത്തുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനു നല്‍കിയ മൊഴി. പ്രതിയായ മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ടിപി കുമാര്‍ റിട്ടേയേര്‍ഡ് സ്കൂള്‍ കായിക അധ്യാപകന്‍ കൂടിയാണ്.
പ്രതികള്‍ക്ക് വിഷം എത്തിച്ചു നല്‍കിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്.ഐ ഫദല്‍ റഹ്മാനും ഡന്‍സാഫ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്. സ്വര്‍ണവെള്ളരി പോലെ ഇവക്കും വന്‍വിലയാണു ഈടാക്കുന്നത്. പലകാരണങ്ങള്‍ പറഞ്ഞാണു ഇവ വില്‍പന നടത്തുന്നത്.