KeralaNews

കെ എം ഷാജിയുടെ ആഡംബര വീടിന് മൂന്ന് അവകാശികൾ,വിശദീകരണം തേടി വിജിലൻസ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെ വീടിന് രണ്ട് അവകാശികള്‍ കൂടി രംഗത്ത്. ഷാജിയുടെ ഭാര്യയായ ആശയുടെ പേരിലുള്ള വീടിന്റെ അളവ് ക്രമീകരിച്ച് ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റിന് നല്‍കിയ അപേക്ഷയിലാണ് രണ്ട് പുതിയ പേരുകള്‍ കൂടി ചേര്‍ത്തത്. ഇത് സംബന്ധിച്ച് വിജിലന്‍സ് കോര്‍പറേഷന്‍ അധികൃതരോട് വിശദീകരണം തേടി.

കെ എം ഷാജിയുടെ മാലൂര്‍ കുന്നിലെ ആഡംബര വീട് നിര്‍മ്മിച്ചത് അനധികൃതമെന്ന് കണ്ടെത്തി കോര്‍പറേഷന്‍ പിഴയിട്ടിരുന്നു. അനുവദിച്ചതിലും കൂടുതല്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വീടിന് ഉടമസ്ഥതാവകാശ സര്‍ട്ടിഫിക്കറ്റ് കോര്‍പറേഷന്‍ നിഷേധിച്ചപ്പോള്‍ അളവ് ക്രമീകരിച്ച് നല്‍കിയ പുതിയ അപേക്ഷയിലാണ് രണ്ടാളുകള്‍ കൂടി ഉള്‍പ്പെട്ടത്. അലി അക്ബര്‍, അഫ്‌സ എന്നിവരാണ് പുതുതായി ഉള്‍പ്പെട്ടവര്‍.

മാലൂര്‍ കുന്നിലെ 88 സെന്റ് സ്ഥലം ആശ, അലി അക്ബര്‍, അഫ്‌സ എന്നിവരുടെ പേരിലാണ്. മതില്‍ കെട്ടിത്തിരിച്ചായിരുന്നു ഷാജി വീട് നിര്‍മ്മിച്ചതെങ്കിലും വിജിലന്‍സ് കേസായതോടെയാണ് ഭൂമിയില്‍ അവകാശമുള്ള മറ്റ് രണ്ട് പേരെക്കൂടി വീടിന്റെ ഉടമസ്ഥതാവകാശത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തിയത്. ഇത് സംബന്ധിച്ചാണ് വിജിലന്‍സ് കോര്‍പറേഷനോട് വിശദീകരണം തേടിയത്.

കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപയുടെ രേഖകളിലും വിജിലന്‍സ് തൃപ്തരല്ല. ബന്ധുവിന്റെ ഭൂമിയിടപാടിന്റെ രേഖകളാണെന്നും ഹാജരാക്കാന്‍ സാവകാശം വേണമെന്നും കെ എം ഷാജി വിജിലന്‍സിനെ അറിയിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മതിയായ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറായതോടെ വന്നതോടെ കെ എം ഷാജി കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്.

കെ എം ഷാജിയെ അറസ്റ്റ് ചെയ്യാന്‍ നിലവിലെ സാഹചര്യത്തില്‍ തടസ്സങ്ങളില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പരിശോധനയ്ക്കിടെ ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിദേശ കറന്‍സിയും ഭൂമിയിടപാടിന്റെ രേഖകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരിശോധന സംബന്ധിച്ച മാസങ്ങള്‍ക്ക് മുമ്പ് കെ എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ 16 മണിക്കൂര്‍ നേരം വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു.

വിജിലന്‍സ് പരിശോധനയില്‍ കെ എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ഭൂമിയിടപാടിന്റെ 72 രേഖകള്‍. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണവും ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ 160 ഗ്രാം സ്വര്‍ണ്ണമാണ് ഷാജി കാണിച്ചിരുന്നത്. എന്നാല്‍ പരിശോധനയില്‍ 491 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയതായാണ് വിവരം. പരിശോധനയില്‍ കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ ശേഖരത്തിലുള്ളതെന്നാണ് ഷാജി വിജിലന്‍സിന് നല്‍കിയ മറുപടി.

സിപിഎം പ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അഴീക്കോട്ടെ ഒരു സ്‌കൂളില്‍ നിന്ന് പ്ലസ് ടു അനുവദിക്കാന്‍ കോഴയാവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കെ എം ഷാജിയെയും ഭാര്യ ആശയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എന്നാലിപ്പോള്‍ വീടിന്റെ ഉടമസ്താവകാശം സംബന്ധിച്ച് കൂടുതല്‍ കുരുക്കുകളിലേക്ക് നീങ്ങുകയാണ് കെ എം ഷാജി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker