KeralaNews

പെട്ടിമുടിയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് ഒമ്പത് പേരെ

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഒരു ആണ്‍കുട്ടിയുടെ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഭാരത് രാജിന്റെ മകന്‍ അശ്വന്ത് രാജ് (6), അനന്തശെല്‍വം (57) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗ്രാവല്‍ ബങ്ക് ഭാഗത്തുനിന്നാണ് അശ്വന്ത് രാജിന്റെ മൃതദേഹം കണ്ടെടുത്തത്. ദുരന്തം നടന്ന് ഇത്രയും ദിവസമായിരുന്നതിനാല്‍ അശ്വന്ത് രാജിന്റെ മൃതദേഹം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.

പിന്നീട് വിശദമായ പരിശോധനയിലാണ് മരണപ്പെട്ട് അശ്വന്ത് രാജാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇനി 9 പേരെക്കൂടി കണ്ടത്തേണ്ടതുണ്ട്. ലയങ്ങള്‍ സ്ഥിതിചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂര്‍ണമായും മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഏറ്റവുമൊടുവില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ്.

പ്രദേശവാസികളും രണ്ടുദിവസമായി തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. കാണാതായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നുമാണ് അധികൃതരുടെ വിശദീകരണം. രണ്ടു പോലിസ് നായയുടെ സഹായവും ഉപയോഗിച്ചാണ് തിരച്ചില്‍. സ്ഥലത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ള പ്രദേശവാസികളെയും ഉള്‍പ്പെടുത്തി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രദേശവാസികളുടെ വളര്‍ത്തുനായ്ക്കളെയും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker