FeaturedHome-bannerKeralaNews

തിരുവനന്തപുരം കടൽത്തീരത്ത് ക്രിസ്മസ് ആഘോഷത്തിനെത്തിയ മൂന്നുപേരെ കാണാതായി, ഒരാൾ മരിച്ചു

തിരുവനന്തപുരം: കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയ മൂന്ന് പേരെ കാണാതായി.  ഒരാള്‍ മരിച്ചു. പുത്തന്‍തോപ്പില്‍ രണ്ട് പേരെ കാണാതായപ്പോള്‍ അഞ്ച് തെങ്ങില്‍ ഒരാളെയാണ് കാണാതായത്. തുമ്പയിലാണ് ഒരാള്‍ കടലില്‍ മുങ്ങി മരിച്ചത്. 

വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടകാരണമായി മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. തിരുവനന്തപുരം  പുത്തൻ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലില്‍ പോയ മറ്റൊരാളെ രക്ഷപ്പെടുത്തി.  

രാത്രി വരെ കോസ്റ്റ് ഗാര്‍ഡും മല്‍സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. അഞ്ചുതെങ്ങിൽ മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34)  യെയാണ് അഞ്ചുതെങ്ങിൽ കാണാതായത്. വൈകീട്ടാണ് ഈ രണ്ട് അപകടങ്ങളും ഉണ്ടായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. 

ഉച്ചയ്ക്ക് തുമ്പയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിരുന്നു. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ആണ് മരിച്ചത്. 38 വയസ്സായിരുന്നു.  കടലിൽ പോയ ഫ്രാങ്കോയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടലില്‍  ഇറങ്ങിയ സ്ത്രീയെ ഒഴുക്കിൽപ്പെട്ടു പിന്നീട് കോസ്റ്റൽ വാർഡൻമാർ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ മല്‍സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും രാവിലെ വീണ്ടും തുടങ്ങും. മുതലപ്പൊഴിയില്‍ കടലില്‍ വീണ ഒരു സ്ത്രീയ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തിയിരുന്നു. 

അതേസമയം, സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കൾ അപകടത്തില് മരിച്ചു. കണ്ണൂരിൽ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു.  കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button