മണിപ്പൂർ: ഉഖ്റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ വെള്ളിയാഴ്ച നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിക്കാതിരിക്കാൻ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കുക്കി വിഭാഗത്തിൽപ്പെട്ട താങ്‌ഖോകൈ ഹാകിപ് (31), ജാംഖോഗിൻ ഹാക്കിപ് (35), ഹോളൻസൺ ബെയ്‌റ്റ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ അജ്ഞാതരായ അക്രമികളുടെ വെടിവെയ്പിലാണ് യുവാക്കൾ കൊല്ലപ്പെട്ടത്.
കനത്ത വെടിയൊച്ച കേട്ടതിനെ തുടർന്ന് മൂന്ന് പേരെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് അധികൃതർ അറിയിച്ചത്. മൃതദേഹങ്ങളിൽ നിന്ന് കാലുകൾ മുറിച്ചു മാറ്റിയിരുന്നു. ശരീരമാകെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
മേയ് മൂന്നു മുതൽ നടക്കുന്ന കലാപത്തിൽ ഉഖ്രുൽ ജില്ലയിൽ ഇതുവരെ അക്രമം റിപ്പോട്ട് ചെയ്‌തിരുന്നില്ല. സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 120-ലധികം ആളുകൾ മരിക്കുകയും 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന് പുറമെ 40,000 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമം നിയന്ത്രിക്കാനും സംസ്ഥാനത്ത് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിന് സിബിഐ രൂപം നല്‍കിയിരുന്നു. ഇതില്‍ 29 ഉദ്യോഗസ്ഥര്‍ വനിതകളാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൂന്ന് ഡിഐജി റാങ്ക് ഉദ്യോഗസ്ഥരില്‍ രണ്ട് പേര് വനിതകളാണ്. എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും സംഘത്തില്‍ ഉണ്ട്.
സിബിഐയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ലവ്‌ലി കട്യാര്‍, നിര്‍മല ദേവി, മോഹിത് ഗുപ്ത എന്നിവരാണ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍. രാജ്വീര്‍ ആണ് സംഘത്തില്‍ ഉള്ള എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഘന്‍ശ്യാം ഉപാധ്യായ ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യണം.
അന്വേഷണ സംഘത്തില്‍ രണ്ട് വനിത എ.എസ്.പിമാരും ആറ് വനിതാ ഡി.വൈ.എസ്.പിമാരുമുണ്ട്. 16 ഇന്‍സ്പെക്ടര്‍മാര്‍, 10 സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. മണിപ്പൂര്‍ പോലീസില്‍ നിന്നുള്ളവരുടെ സാന്നിധ്യം പരമാവധി കുറയ്ക്കാന്‍ സിബിഐ നേരത്തെ തീരുമാനിച്ചിരുന്നു. അന്വേഷണത്തില്‍ പക്ഷപാത പരാതി ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് മണിപ്പൂരികളുടെ സാന്നിധ്യം കുറയ്ക്കുന്നത്.
കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ ശേഷം ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് നിലവില്‍ കൈമാറിയിട്ടുള്ളത്. മെയ്തി വിഭാഗത്തത്തില്‍ പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉള്‍പ്പടെ ആറ് പുതിയ കേസുകളില്‍ കൂടി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. കലാപവുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളുടെ അന്വേഷണവും വരുംദിവസങ്ങളില്‍ സിബിഐ ഏറ്റെടുത്തേക്കാം.