KeralaNews

മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച്‌ പാസ്‌പോർട്ട് എടുക്കുന്ന സംഘം പിടിയിൽ; പോലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: മരിച്ചയാളുടെ രേഖകൾ ഉപയോഗിച്ച്‌ പാസ്‌പോർട്ട് എടുക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ മൂന്നുപേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പുസംഘത്തിനു സഹായം ചെയ്തെന്നു കണ്ടെത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ അൻസിലിനെ സസ്പെൻഡ്‌ ചെയ്തു. വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് നേടാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശികളായ മുകുന്ദപുരം പുത്തേഴത്ത് കിഴക്കേത്തറയിൽ സഫറുള്ള ഖാൻ (54), ഉമയനല്ലൂർ അൽത്താഫ് മൻസിലിൽ ബദറുദ്ദിൻ (65) എന്നിവരെ വെള്ളിയാഴ്ചയും വർക്കല കണ്ണമ്പ ചാലുവിള നാദത്തിൽ സുനിൽകുമാർ (60), വട്ടപ്പാറ മരുതൂർ ആനിവില്ലയിൽ എഡ്വെർഡ് (62) എന്നിവരെ ശനിയാഴ്ചയും പോലീസ് അറസ്റ്റു ചെയ്തു.

പാസ്‌പോർട്ട് വേണ്ടവരിൽനിന്നു പണം വാങ്ങി തുമ്പ പോലീസ് പരിധിയിലെ വ്യാജ മേൽവിലാസത്തിൽ പാസ്‌പോർട്ട് ഓഫീസിൽ അപേക്ഷ നൽകും. പരിശോധനാ നടപടികൾക്കായി സ്റ്റേഷനിൽ നൽകുമ്പോൾ ആൻസിലിന്റെ സഹായത്തോടെ പാസാക്കി പാസ്‌പോർട്ട് ഓഫീസിലേക്ക് നൽകും. അൻസിൽ അല്ലാതെ മറ്റാരെങ്കിലുമാണെങ്കിൽ സ്വാധീനിച്ച്‌ കടലാസുകൾ ശരിയാക്കും.

പാസ്‌പോർട്ട് ഓഫീസർക്ക് മേൽവിലാസങ്ങളിൽ സംശയം തോന്നിയപ്പോൾ വീണ്ടും പരിശോധിക്കാനായി തുമ്പ എസ്.എച്ച്.ഒ.യ്ക്കു നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സി.പി.ഒ. അൻസിൽ വ്യാജരേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് എടുക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയത്. പതിനേഴുവർഷം മുൻപ് മരിച്ച ആളുടെ വിവരങ്ങൾ ഉപയോഗിച്ച് പാസ്‌പോർട്ട് നിർമിക്കാൻ വ്യാജ രേഖകൾ നൽകിയതായും കണ്ടത്തിയിട്ടുണ്ട്. ഇത്തരത്തിൽ പത്തിലധികം കേസുകൾ ഉണ്ടായതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button