കൊച്ചി:അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒൻപത് പേരെയാണ് പിടികൂടിയത് ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത് എന്നാണ് വിവരം. മിനിഞ്ഞാന്ന് രാത്രി തന്നെ ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് എൻഐഎയുടെ ഉന്നതഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു.
ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്