ബിരിയാണിക്ക് പ്രിയമേറി; ഇന്ത്യക്കാര്‍ സ്വിഗ്ഗിയില്‍ ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത് ആറ് കോടി ബിരിയാണി! കൂടുതലും ചിക്കന്‍ ബിരിയാണി
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയില്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഓര്‍ഡര്‍ ചെയ്തത് ആറു കോടി നാലരലക്ഷം ബിരിയാണികളെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും ബിരിയാണിയാണ് സ്വിഗ്ഗി വഴി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമെന്നാണ് വിവരം.
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഓരോ മിനിറ്റിലും 115 ബിരിയാണികള്‍ വീതം ഓര്‍ഡര്‍ ചെയ്യപ്പെട്ടെന്നാണു സ്വിഗ്ഗി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. ചിക്കന്‍ ബിരിയാണിയാണ് ഏറ്റവും കൂടുതല്‍ വിറ്റത്. ബംഗളൂരൂ, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഈ ഭക്ഷണം ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.
പുതുതായി സ്വിഗ്ഗി അക്കൗണ്ടുകള്‍ എടുത്തവരില്‍ കൂടുതലും ആദ്യം ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ചിക്കന്‍ ബിരിയാണിയാണ്. ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മട്ടന്‍ ബിരിയാണിക്കാണ് പ്രിയം. മുംബൈയില്‍ ഡാല്‍ കിച്ച്ഡി എന്ന ഭക്ഷണമാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടതെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട പലഹാരം സമൂസയാണ്. അന്‍പതു ലക്ഷം ഓര്‍ഡറുകളാണ് ഇതിനു ലഭിച്ചത്. പാവ് ബാജിക്ക് 21 ലക്ഷം ഓര്‍ഡറുകള്‍ ലഭിച്ചു. എന്നാല്‍ രാത്രിയില്‍ കൊറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലും ഓര്‍ഡര്‍ ചെയ്തത് ഫ്രഞ്ച് ഫ്രൈസ്, പോപ് കോണ്‍ തുടങ്ങിയവയാണെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.