സപ്തതി നിറവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: സപ്തതി നിറവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഇന്നലെയായിരിന്നു അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം. പതിവുപോലെ ഒരു ദിവസം മാത്രമായിരുന്നു തിരുവഞ്ചൂരിന് പിറന്നാള്‍ദിനം. മണ്ഡലത്തില്‍ നിറയെ പരിപാടികള്‍. ഇതിനിടെ കോട്ടയം പ്രസ് ക്ലബ്ബില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി കേക്ക് മുറിച്ചു. വീട്ടില്‍ പോലും പതിവില്ലാത്ത ഒന്നായിരുന്നു ഇതെന്ന് പറഞ്ഞുകൊണ്ട് ആദ്യം ഒന്ന് ഒഴിയാന്‍ നോക്കി. പ്രസ് ക്ലബ് ഭാരവാഹികള്‍ നിര്‍ബന്ധിച്ചതോടെ ഒടുവില്‍ വഴങ്ങി.
1949 ഡിസംബര്‍ 26 ന് കോട്ടയം ജില്ലയിലെ തിരുവഞ്ചൂരിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനിച്ചത്. കോട്ടയം എം.ടി.സെമിനാരി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം കോട്ടയം ബസേലിയസ് കോളജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. ബസേലിയസ് കോളജില്‍ കെ.എസ്.യുവിന് ധീരമായ നേതൃത്വം നല്‍കിയ തിരുവഞ്ചൂര്‍ കോളജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പിന്നീട് തിരുവഞ്ചൂര്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു.
കോട്ടയം നിയമസഭാ മണ്ഡലത്തില്‍ കന്നിയങ്കത്തിനായി ഇറങ്ങിയപ്പോള്‍ ടി.കെ.രാമകൃഷ്ണനോട് പരാജയപ്പെട്ടു. തുടര്‍ന്ന് 1991, 1996, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ അടൂരില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ നിയമസഭാംഗമായി. തുടര്‍ന്ന് 2011ലും 2016 ലും കോട്ടയം മണ്ഡലത്തില്‍ നിന്ന് മികച്ച വിജയം നേടി. വനം, ഗതാഗതം, കായികം, സിനിമാ തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പ് മന്ത്രിയായി ചുരുങ്ങിയ കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.