തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ മാളുകള്‍ അടയ്ക്കാന്‍ താന്‍ ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മേല്‍ അധികാരികള്‍ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. ഫേസ്ബുക്ക് കമന്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതോടെ കളക്ടറും സര്‍ക്കാരുമായുള്ള ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരനടക്കം, തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച്ച കളക്ടര്‍ വിശദീകരിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരായതോടെ കളക്ടറുടെ നടപടി സര്‍ക്കാര്‍ തിരുത്തി. സംഭവം വിവാദമായെങ്കിലും മാളുകളും ബീച്ചുകളും അടച്ചിടണമെന്ന ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചില്ല. തുടര്‍ന്നായിരുന്നു ഔദ്യോഗിക ഫെയ്സ്സ്ബുക്കില്‍ പേജില്‍ കളക്ടര്‍ തന്നെ അതൃപ്തി രേഖപ്പെടുത്തിയത്.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ മാളുകളും തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും അടയക്കണമെന്ന കമന്റിന് കളക്ടര്‍ നല്‍കിയ മറുപടിയില്‍ ഭിന്നത മറ നീക്കി പുറത്തു വന്നു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍, മാളുകള്‍ അടയ്ക്കാന്‍ താന്‍ ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയതയിരുന്നുവെന്നും മേലധികാരികള്‍ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തി അതാത് ജില്ലയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന വിശദീകരണമാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്. ഇതോടെ മാള്‍ വിവാദം വീണ്ടും സജീവമായി.