CrimeKeralaNews

രഞ്ജിത്തിന് പല സ്ത്രീകളുമായും ബന്ധം; വീട്ടിലേക്ക് മടങ്ങാന്‍ ഉറപ്പിച്ചതോടെ അരുംകൊല,മായാമുരളി വധത്തില്‍ സംഭവിച്ചത്‌

തിരുവനന്തപുരം: പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാനിലയത്തില്‍ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തി(31)ന് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നതായി പോലീസ്. ഒപ്പംതാമസിച്ചിരുന്ന മായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന ഓട്ടോഡ്രൈവറായ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്.

മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍ തോട്ടത്തില്‍ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അന്നുമുതല്‍ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈല്‍ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കല്‍ കോളേജ്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി ഒളിവില്‍പോവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രഞ്ജിത്തിന്റെ നിരന്തരമായ ഉപദ്രവം കാരണം മായാ മുരളി തിരികെ വീട്ടില്‍ പോവാന്‍ തയ്യാറായിരിക്കുകയായിരുന്നു. ഇയാളെ ഉപേക്ഷിച്ച് തിരികെവരുന്നതായി ബന്ധുക്കളെയും യുവതി അറിയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഭാര്യ തന്നെ ഉപേക്ഷിച്ച് തിരികെപോകുമെന്ന് ഉറപ്പായതോടെ പ്രതി ഇവരെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. കൃത്യം നടക്കുന്നതിന്റെ തലേദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് മായയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ തിരുവനന്തപുരത്തും കമ്പം തേനി ഭാഗങ്ങളിലും ഒളിവില്‍ കഴിഞ്ഞു. തേനിയില്‍ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്നും കാട്ടാക്കട ഡിവൈ.എസ്.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ സമയം മദ്യലഹരിയില്‍ ആയിരുന്നു. കൊലക്കു ശേഷം പ്രതിയുടെ വസ്ത്രങ്ങള്‍ എല്ലാം അവിടെന്നും മാറ്റിയിരുന്നു. പോലീസ് പിടികൂടാതിരിക്കാന്‍ വിലകൂടിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച ശേഷമാണ് ഇയാള്‍ ഇവിടെനിന്ന് കടന്നത്. പ്രധാന റോഡുകള്‍ ഒഴിവാക്കി ചെറിയ ഇടറോഡുകള്‍ വഴിയാണ് പോയത്. ലോറികള്‍ കൈകാണിച്ചും ചെറിയ വാഹനങ്ങളിൽ കയറിയുമാണ് തമിഴ്നാട്ടില്‍ എത്തിയത്. ഇതിനിടെ അവിടെ ഒരു ഹോട്ടലിലും ജോലിചെയ്തു.

പ്രതിക്കെതിരേ മറ്റുകേസുകളൊന്നും നിലവിലില്ലെന്നും ഇയാൾക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് പോലീസ് പറയുന്നത്. പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ക്രൂരമായി മര്‍ദിച്ചാണ് ഇവരെയെല്ലാം ഇയാള്‍ ഒഴിവാക്കിയിരുന്നത്. മര്‍ദനമേറ്റവരൊന്നും രഞ്ജിത്തിനെ ഭയന്ന് പരാതി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ മര്‍ദനത്തിനിരയായ ഒരാള്‍ മായ മുരളി വധക്കേസില്‍ സാക്ഷിയാണെന്നും കാട്ടാക്കട ഡിവൈ.എസ്.പി. പറഞ്ഞു.

അതേസമയം, കൊലപാതകം നടന്നതിന്റെ തലേദിവസമാണ് ഓട്ടോറിക്ഷ റോഡരികില്‍ ഉപേക്ഷിച്ചതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന്റെ തലേദിവസം മായയ്‌ക്കൊപ്പം യാത്രചെയ്യുന്നതിനിടെ കാട്ടാക്കട ചൂണ്ടുപലകയില്‍വെച്ച് ഓട്ടോറിക്ഷ കേടായി. തുടര്‍ന്ന് ഓട്ടോറിക്ഷ അവിടെ ഉപേക്ഷിച്ചെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഒരു വര്‍ഷം മുമ്പാണ് മായാ മുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനായി കുട്ടപ്പായി എന്ന രഞ്ജിത്ത് എത്തുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ച മായയുമായി ഇയാള്‍ പരിചയത്തിലാകുകയും എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു. അന്നുമുതല്‍ ഇയാള്‍ മായയെ ക്രൂരമായി മര്‍ദിക്കുമായിരുന്നെന്ന് ബന്ധുക്കളും പറഞ്ഞിരുന്നു. ഒരുമിച്ച് പലയിടങ്ങളില്‍ താമസിച്ചശേഷം രണ്ട് മാസം മുമ്പാണ് കാട്ടാക്കട മുതിയാവിളയില്‍ വാടക വീട്ടിൽ താമസം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker