KeralaNews

അതിതീവ്ര വ്യാപനം,തിരുവനന്തപുരം സി കാറ്റഗറിയിൽ,കടുത്ത നിയന്ത്രണം, തീയറ്ററടക്കം അടച്ചിടും

തിരുവനന്തപുരം: കൊവിഡ് (Covid Kerala ) അതിതീവ്ര വ്യാപന സാഹചര്യത്തിൽ തിരുവനന്തപുരം (Thiruvananthapuram) ജില്ലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് ‘സി’ കാറ്റഗറിയിൽ ( Covid C category) ഉൾപെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിലും ഉൾപ്പെടുത്തി. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 

തലസ്ഥാനത്ത് സി കാറ്റഗറി നിയന്ത്രണം

സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ  തലസ്ഥാനത്ത് നിയന്ത്രണം കർശനമാക്കി. പൊതു പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. മതപരമായ ചടങ്ങുകൾ ഓൺലൈനിൽ മാത്രമേ നടത്താൻ പാടുള്ളു. തിയേറ്ററുകൾ ജിമ്മുകൾ നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകൾ ഓഫ് ലൈനായി നടക്കുന്നതിനാൽ കൂടുതൽ കരുതൽ വേണം. സ്കൂളുകളിൽ 40% ഇൽ കൂടുതൽ കുട്ടികൾക്ക് രോഗം ഉണ്ടായാൽ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്സുകളിൽ അവസാന വർഷ ക്ലാസുകൾക്ക് മാത്രമേ ഓഫ് ലൈൻ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. 

സെക്രട്ടറിയറ്റിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും  പരിഗണിക്കുന്നുണ്ട്. അതേസമയം മാളുകളുടെയും ബാറുകളുടെയും പ്രവർത്തനത്തിൽ അവ്യക്തതയുണ്ട്. മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതി‍ർപ്പുയർത്തി. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു.ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിർദേശം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button