പാലക്കാട്: ജനങ്ങൾക്ക് നന്മ ചെയ്യുന്ന നല്ലവരായ മോഷ്‌ടാക്കളെക്കുറിച്ച് പല ഐതിഹ്യ കഥകളും നമ്മുടെ നാട്ടിലുണ്ട്. കായംകുളം കൊച്ചുണ്ണിയും, റോബിൻഹുഡും എല്ലാം അത്തരത്തിൽ പ്രചരിച്ച ഒന്നാണ്. മോഷ്‌ടിച്ചെടുത്ത മാലയ്‌ക്കായി വീട്ടുകാർ പരക്കംപായുന്നത് കണ്ട് സഹിക്കാനാകാതെ അത് വിറ്റ്കിട്ടിയ പണം നൽകിയ ഒരു കള്ളന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് കുമരനല്ലൂരിലാണ് സംഭവം.
കുമരനല്ലൂരിൽ എ ജെ ബി സ്‌കൂളിന് സമീപം ഷിഹാബിന്റെ മകൾ മൂന്ന് വയസുകാരിയുടെ ഒന്നേകാൽ പവനോളം വരുന്ന സ്വർണമാലയാണ് മോഷ്‌ടാവ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം. അന്ന് രാവിലെ കുട്ടിയുടെ ശരീരത്തിൽ മാലയുണ്ടായിരുന്നു. കുട്ടിയുമായി കടയിൽ പോയി മടങ്ങിവന്നപ്പോഴേക്കും മാല നഷ്‌ടപ്പെട്ടിരുന്നു. വീട്ടുകാർ പലയിടത്തും തിരഞ്ഞെങ്കിലും മാല കിട്ടിയതേയില്ല. ദിവസങ്ങളോളം അന്വേഷണം തുടർന്നു.
ഇതിനിടെ മോഷണം നടന്ന വീട്ടിലുള്ളവർ ഒരിക്കൽ ഉച്ചയ്‌ക്ക് വിശ്രമിക്കുന്ന സമയത്ത് വീട്ടിലെ അടുക്കളയ്‌ക്ക് സമീപം കവറിൽ മാലയുടെ വിലയായ 52,500 രൂപയും ഒരു കുറിപ്പും വച്ച മാലക്കള്ളൻ സ്ഥലംവിട്ടു. മാലമോഷണത്തിൽ ക്ഷമാപണം ഉള്ള കത്തിൽ മാല വിറ്റുപോയതായും വീട്ടുകാർ തിരയുന്നത് കണ്ട് സമാധാനം നഷ്‌ടമായതിനാൽ അതിന്റെ പണം തിരികെ തരുന്നതായും മാപ്പുനൽകണമെന്നുമാണ് കത്തിലുള്ളത്. മോഷണമുതൽ പണമായി തിരികെയേൽപ്പിച്ച മനസാക്ഷിയുള്ള കള്ളൻ ഒരേസമയം നാട്ടുകാർക്ക് കൗതുകവും അമ്പരപ്പുമുണ്ടാക്കി.