KeralaNews

‘അവർ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞത്,100 കോടിയുടെ ഒരു മാനനഷ്ടക്കേസ് കൂടി നൽകും’കടുത്ത നടപടിയുമായി നാഗാർജുന

ഹൈദരാബാദ്‌:തെലുങ്ക് താരം നാഗചൈതന്യയുടേയും നടി സാമന്ത റൂത്ത്പ്രഭുവിന്റേയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രസ്താവന സിനിമാ, രാഷ്ട്രീയ ലോകത്ത് വന്‍ വിവാദമായിരുന്നു. ഇരുവരും വിവാഹമോചിതരായതിനു പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണം. ഇതിന് പിന്നാലെ കൊണ്ട സുരേഖ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കൊണ്ട സുരേഖയ്‌ക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കൊണ്ട സുരേഖയ്‌ക്കെതിരെ 100 കോടി രൂപയുടെ മറ്റൊരു മാനനഷ്ടക്കേസ് കൂടി നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാഗാര്‍ജുന. അവര്‍ സാമന്തയോട് മാത്രമാണ് മാപ്പ് പറഞ്ഞതെന്നും തന്റെ കുടുംബത്തോട് ഖേദപ്രകടനം നടത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും നാഗാര്‍ജുന വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘മന്ത്രിയുടെ അതിരുകടന്ന ആരോപണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഇപ്പോള്‍ അവര്‍ പറയുന്നത് പ്രസ്താവനകള്‍ പിന്‍വലിക്കുമെന്നാണ്. സാമന്തയോട് അവര്‍ മാപ്പ് പറഞ്ഞു. അപ്പോള്‍ എന്റെ കുടുംബമോ?. ഞങ്ങളോട് ഖേദപ്രകടനം നടത്താന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അവര്‍ക്കെതിരെ നിലവില്‍ ഞാന്‍ ഒരു ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയിട്ടുണ്ട്. ഇനി 100 കോടി രൂപയുടെ ഒരു മാനനഷ്ടക്കേസ് കൂടി നല്‍കും.പരാതി പിന്‍വലിക്കുമെന്ന ധാരണ വേണ്ട. ആ കേസ് മുന്നോട്ടുപോകും. ഇത് എന്റേയും എന്റെ കുടുംബത്തിന്റേയും വ്യക്തിപരമായ കാര്യം മാത്രമല്ല. അതിനും എത്രയോ അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയി. തെലുങ്ക് സിനിമയില്‍ നിന്ന് വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരും ഞങ്ങള്‍ക്ക് പിന്തുണയുമായെത്തി. ഞങ്ങളുടെ മേഖലയിലേക്ക് കടന്നുകയറിയ ചീഞ്ഞളിഞ്ഞ വേരിനെ മുറിച്ചുമാറ്റാനുള്ള പരിശ്രമത്തിലാണ് ഞങ്ങളെന്ന തിരിച്ചറിവാണ് എല്ലാവരുടേയും പിന്തുണയിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സിനിമാ താരങ്ങളുടെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.’-നാഗാര്‍ജുന വ്യക്തമാക്കി.

സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര്‍ ആവശ്യപ്പെട്ടുവെന്നും ഇത് സാമന്ത വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്.

2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker