CrimeKeralaNews

13 വര്‍ഷമായി ഒളിവില്‍,കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദിനേക്കുറിച്ച് വിവരങ്ങളില്ല,അഫ്ഗാനിലെന്ന് സൂചന

കൊച്ചി: ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (37) എവിടെ? അഫ്ഗാനിസ്ഥാനിൽ ആവും എന്നാണ് വിവിധ അന്വേഷണ ഏജൻസികളുടെ നിഗമനം.

കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായില്ല. 

കേസിൽ പിന്നീടു കീഴടങ്ങിയ മുഖ്യസൂത്രധാരൻ എം.കെ.നാസറിനൊപ്പം സവാദിനെ നേപ്പാളിൽ കണ്ടതായുള്ള രഹസ്യവിവരം എൻഐഎക്കു ലഭിച്ചിരുന്നു. കേസിൽ നാസർ കീഴടങ്ങിയ ശേഷം സവാദ് അഫ്ഗാനിസ്ഥാനിലേക്കു കടന്നതായും വിവരം ലഭിച്ചു. ഹിമാലയത്തിൽ ഇവർ ഏറെക്കാലം ഒരുമിച്ചുണ്ടായിരുന്നു. കടുത്ത തണുപ്പിലുള്ള ജീവിതം അവരുടെ ശരീരപ്രകൃതി മാത്രമല്ല, മുഖഛായ വരെ മാറ്റിയിട്ടുണ്ടാവും.

എം.കെ.നാസർ കീഴടങ്ങിയ ശേഷം തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പ്രതിയെ നേരിട്ട് അറിയാവുന്ന നാട്ടുകാർക്കും ലോക്കൽ പൊലീസിനും തിരിച്ചറിയാൻ കഴിയാത്ത വിധം മാറിയിരുന്നു. ഇതേ മാറ്റം സവാദിനും സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അഫ്ഗാൻ സ്വദേശിയായി വ്യാജയാത്ര രേഖകൾ തരപ്പെടുത്തി മറ്റൊരു പേരിലായിരിക്കും വിദേശത്ത് സവാദ് കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഊഹം. 

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ സഹായത്തോടെ എൻഐഎ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിക്കപ്പെട്ട ചില പ്രതികളെ ചോദ്യം ചെയ്ത ഘട്ടത്തിൽ ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വർണക്കടത്ത് റാക്കറ്റിന്റെ ഭാഗമായി സവാദുണ്ടെന്നും ആഫ്രിക്കയിലെ സ്വർണഖനികളിൽ നിന്നു സ്വർണം ദുബായിലേക്കു കടത്തുന്ന സംഘത്തിൽ സവാദിനെ കണ്ടിട്ടുണ്ടെന്നും ചില പ്രതികൾ മൊഴി നൽകി. 

ഈ മൊഴികളെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലും എൻഐഎ പരാജയപ്പെട്ടതോടെയാണു കണ്ടെത്താൻ സഹായിക്കുന്നവർക്കു 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ അറിയിച്ചു. സവാദിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നവർ 0484 2349344, 9497715294 എന്നീ നമ്പറുകളിൽ അറിയിക്കാനാണ് അന്വേഷണ സംഘം അഭ്യർഥിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker