EntertainmentNews

സിനിമാനടിയാവാന്‍ മകൾ വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന അമ്മമാരും ; തെളിവായി ക്ലിപ്പുകൾ

കൊച്ചി:സിനിമയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എന്നാൽ ഇതെല്ലാം പറയാൻ അധികാരപ്പെട്ട ഒരിടമില്ല എന്നതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്നം. എന്തെങ്കിലും ബുദ്ധിമുട്ട് ഒരു സ്ത്രീ നേരിട്ടാൽ അവർക്ക് പരാതി പറയാൻ വായ തുറക്കാനാവില്ല’–പഴയകാല നടി ഹേമ കമ്മിഷനു നൽകിയ മൊഴിയാണിത്. 

ഏതെങ്കിലും അഭിനേതാവിനെതിരെ പ്രൊഡ്യൂസറോട് പരാതി പറഞ്ഞാൽ, വലിയ മാർക്കറ്റ് വാല്യു ഉള്ളയാളാണ് ആ അഭിനേതാവെങ്കിൽ പ്രൊഡ്യൂസർ അയാൾക്കെതിരെ ഒരു നടപടിയും എടുക്കില്ല. അദ്ദേഹത്തെ സംബന്ധിച്ച് സിനിമ ഒരു ബിസിനസ് മാത്രമാണ്. അടുത്ത സിനിമയിൽനിന്നുപോലും അത്തരക്കാരെ മാറ്റിനിർത്താറില്ല.

സിനിമയിലേക്ക് അവസരം നൽകി പ്രൊഡക്‌ഷൻ കൺട്രോളറോ മറ്റാരെങ്കിലുമോ സമീപിക്കുമ്പോഴോ അല്ലെങ്കിൽ ആരോടെങ്കിലും അവസരം ചോദിക്കുമ്പോഴോ ആദ്യം പറയുന്നത് ‘അഡ്ജസ്റ്റ്മെന്റി’നും ‘വിട്ടുവീഴ്ച’യ്ക്കും തയാറാകേണ്ടി വരും എന്നാണ്. ഈ രണ്ട് വാക്കുകളും സിനിമാമേഖലയ്ക്ക് വളരെ പരിചിതമായിക്കഴിഞ്ഞു. നടൻ, പ്രൊഡ്യൂസർ, ഡയറക്ടർ, പ്രൊഡക്‌ഷൻ കൺട്രോളർ തുടങ്ങി സിനിമയിലെ ആരും ലൈംഗികാവശ്യവുമായി സമീപിച്ചേക്കും.

ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു. നടിമാർ പ്രശസ്തരായത് വിട്ടുവീഴ്ച ചെയ്താണെന്ന് ഈ മേഖലയിൽ പലരും വിശ്വസിക്കുന്നു. ഇങ്ങനെ ഒരു പ്രതിച്ഛായ സൃഷ്ടിച്ചത് സിനിമാ മേഖലയിലുള്ളവർ തന്നെയാണെന്നും നടിമാർ മൊഴി നൽകി.

കുടുങ്ങിയെന്ന് മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കുമെന്ന് പല നടിമാരും പറഞ്ഞു. സിനിമയിൽ ഉയരങ്ങളിലെത്തണമെങ്കിൽ ഇത്തരത്തിൽ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും വേണ്ടി വരുമെന്ന് ചിലർ പറഞ്ഞതായി കമ്മിഷന് മുന്നിൽ ഒരു നടി മൊഴി നൽകി.

‘പരസ്യം കണ്ട് ഓഡിഷനു താൽപര്യം പ്രകടിപ്പിച്ചാൽ നമ്മളെ ആരെങ്കിലും വിളിക്കും. ഈ റോളിൽ നിങ്ങൾ ചേരുമെന്നു പറയും.  ഡയറക്ടറെയോ പ്രൊഡ്യൂസറെയോ കാണണമെന്നും അതോടൊപ്പം ചില അഡ്ജസ്റ്റ്മെന്റിനും വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്നും അവർ ആവശ്യപ്പെടും’–കമ്മിഷന് മുന്നിൽ തെളിവു നൽകിയ മറ്റൊരു നടി പറഞ്ഞു. ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗികാവശ്യങ്ങൾ വഴങ്ങിയതുകൊണ്ടു മാത്രമാണ് സ്ത്രീകൾ സിനിമയിൽ നിലനിൽക്കുന്നതെന്ന് കരുതുന്ന ഒട്ടേറെപ്പേർ ഈ മേഖലയിലുണ്ടെന്നും മൊഴി നൽകിയ വ്യക്തി പറഞ്ഞു.

അഡ്ജസ്റ്റുമെന്റുകൾക്ക് തയാറാകുന്ന ചിലർ സിനിമ മേഖലയിലുണ്ട്. മകൾ അത്തരം വിട്ടുവീഴ്ച ചെയ്യുന്നതിൽ തെറ്റില്ലെന്ന് കരുതുന്ന ചില അമ്മമാരെയും തനിക്കറിയാമെന്ന് കമ്മിഷനു മുന്നിൽ മൊഴി നൽകിയ ഒരു നടി പറഞ്ഞു. അതൊരു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. തൊഴിലിനായി ലൈംഗികാവശ്യങ്ങൾക്ക് കീഴ്പ്പെടണമെന്ന  ദുരവസ്ഥ സങ്കടകരമാണെന്ന് സിനിമയിലെ സ്ത്രീകൾ പറയുന്നു. സിനിമയിൽ അവസരം നൽകുന്നതിനു പകരം ലൈംഗികാവശ്യങ്ങൾ നിറവേറ്റണമെന്ന് ചിലർ ആവശ്യപ്പെടുന്നതിന്റെ വിഡിയോ, ഓഡിയോ ക്ലിപ്പുകൾ, വാട്സാപ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ കമ്മിഷനു മുന്നിൽ ഹാജരാക്കി.

ഈ ആവശ്യങ്ങൾ അംഗീകരിക്കാത്തതുകൊണ്ടു മാത്രം ദീർഘനാളത്തെ സിനിമയെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നുവെന്നും പലരും മൊഴി നൽകി. ദുരുദ്ദേശ്യം മാത്രം മുന്നിൽക്കണ്ടു കൊണ്ട് ചില വ്യാജ പ്രൊഡ്യൂസർമാർ സിനിമ നിർമിക്കുന്നുവെന്ന് പരസ്യം നൽകുന്നുണ്ട്. ഇവരെ സമീപിക്കുന്ന സ്ത്രീകൾ മോശം അനുഭവം നേരിടുന്നുണ്ടെന്നും കമ്മിഷനു മുന്നിൽ ചില പുരുഷ സിനിമാ പ്രവർത്തകർ പറഞ്ഞു.

ലൈംഗികാതിക്രമങ്ങൾ സിനിമാരംഗത്തു മാത്രമല്ല മറ്റെല്ലാ മേഖലയിലും ഉണ്ടെന്നും അതിനെ മാത്രമായി എടുത്തുകാട്ടേണ്ടതില്ലെന്നും സിനിമയിലെ ചില പുരുഷന്മാർ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. എന്നാൽ സിനിമാരംഗത്തും മറ്റ് മേഖലകളിലും ഉണ്ടാകുന്ന ലൈംഗികചൂഷണ സാഹചര്യങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്നും സിനിമാരംഗത്തേക്കെത്തുന്നതിനു മുൻപേ തന്നെ സ്ത്രീകൾ ചൂഷണം നേരിട്ടു തുടങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ ഹേമ കമ്മിഷൻ അഭിപ്രായപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker