29.5 C
Kottayam
Monday, May 13, 2024

കള്ളനെ പിടികൂടാന്‍ നാട്ടുകാര്‍ ഒത്തുകൂടി; തിരിച്ചില്‍ നടത്തുന്നവരുടെ വീടുകളില്‍ മോഷണം നടത്തി കള്ളന്‍ മുങ്ങി!

Must read

മൂവാറ്റുപുഴ: കള്ളനെ പിടിക്കാന്‍ ഒത്തുകൂടി തിരച്ചില്‍ നടത്തുന്നതിനിടെ തിരച്ചില്‍ നടത്താന്‍ ഇറങ്ങിയവരുടെ വീടുകളില്‍ കയറി മോഷണം നടത്തി കള്ളന്‍ മുങ്ങി. തിരയാനിറങ്ങിയവരുടെ വീടുകളില്‍ കയറി ഷൂസും ജീന്‍സും ടീ ഷര്‍ട്ടും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒടുവിലൊരു ബൈക്കുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. മൂവാറ്റുപുഴ കടാതിയിലാണ് സംഭവം.

നാട്ടുകാരുടെ മുഴുവന്‍ കണ്ണുവെട്ടിച്ച് ആറ് വീടുകളിലെ മോഷണവും പൂര്‍ത്തിയാക്കിയാണ് മോഷ്ടാവ് മുങ്ങിയത്. കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകര്‍ത്തു വീടിനകത്തു കയറിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന 850 രൂപയും കാര്‍ പോര്‍ച്ചിലിരുന്ന സ്‌കൂട്ടറും മോഷ്ടിച്ചു.

ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും സ്‌കൂട്ടര്‍ തള്ളി മോഷ്ടാവ് പുറത്തെത്തി. മുറ്റത്ത് സ്‌കൂട്ടര്‍ കാണാതായതോടെ വീട്ടുകാര്‍ അയല്‍വാസികളെ വിളിച്ചുണര്‍ത്തി. ഇവര്‍ റോഡിലിറങ്ങി തിരച്ചില്‍ ആരംഭിച്ചപ്പോഴേക്കും കള്ളന്‍ സമീപത്തെ മറ്റൊരു വീട്ടില്‍ കയറി ഒളിച്ചു. ഇവിടെ ഉണ്ടായിരുന്ന ഒരു ജോടി ഷൂ കണ്ട് ഇഷ്ടപ്പെട്ടതോടെ മോഷ്ടാവ് തന്റെ പഴയ ചെരിപ്പ് അവിടെ ഉപേക്ഷിച്ച് ഷൂ ധരിച്ചു. ഇവിടെ വരാന്തയില്‍ നിന്ന് കിട്ടിയ മൊബൈല്‍ ഫോണും പോക്കറ്റിലാക്കി.

തൊട്ടടുത്ത വീട്ടില്‍ കയറിയപ്പോള്‍ വില കൂടിയ മറ്റൊരു ഷൂ കണ്ട് ഇതും കൈക്കലാക്കി. അടുത്ത വീട്ടില്‍ ഉണക്കാനിട്ട ജീന്‍സ് എടുത്ത ശേഷം മോഷ്ടാവ് ധരിച്ചിരുന്ന ബര്‍മുഡ അവിടെ ഉപേക്ഷിച്ചു. ഇവിടെ നിന്നു രണ്ട് ടീ ഷര്‍ട്ടും എടുത്തു.

അതിനിടെ തിരച്ചില്‍ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തിരുന്ന സൈക്കിള്‍ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളില്‍ പാഞ്ഞെങ്കിലും നാട്ടുകാര്‍ പിടികൂടുമെന്നായപ്പോള്‍ സൈക്കിള്‍ ഉപേക്ഷിച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. പിന്നീട് മോഷ്ടാവിനെ ആരും കണ്ടില്ല.

പിന്നീട് മൂവാറ്റുപുഴയില്‍ നിന്ന് പോലീസ് സംഘവും എത്തി. നാട്ടുകാരും പോലീസും തിരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിലെ പോര്‍ച്ചില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് മോഷ്ടാവ് കടന്നതായി വിവരം കിട്ടി. പുലര്‍ച്ചെ നാല് വരെ നാട്ടുകാരും പോലീസും പ്രദേശമാകെ അരിച്ചു പരിശോധിച്ചെങ്കിലും പിന്നീട് മോഷ്ടാവിനെ കണ്ടെത്താനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week