CrimeKeralaNews

അതിവിദഗ്ധമായി ബസില്‍ യുവതിയുടെ മോഷണം, സിസിടിവി ക്യാമറയില്‍ കുടുങ്ങി; അന്വേഷണം

തൃശ്ശൂർ: ബസ് യാത്രയ്ക്കിടെ യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിച്ച് യുവതി. തൃശ്ശൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുത്തൂരിൽനിന്ന് തൃശ്ശൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യബസിൽവെച്ചാണ് മോഷണം നടന്നത്. പ്രതിയായ യുവതിയെ കണ്ടെത്താനായി ബസിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളും തൃശ്ശൂർ സിറ്റി പോലീസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.

യാത്രക്കാരിയുടെ പിന്നിൽനിൽക്കുന്ന യുവതി ഷാൾ കൊണ്ട് ബാഗ് മറച്ചശേഷം ബാഗിൽനിന്ന് അതിവിദഗ്ധമായി പേഴ്സ് മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. പേഴ്സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞിരുന്നില്ല. പിന്നീട് മോഷണം നടന്നതായി മനസിലായപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.

ഓരോ യാത്രക്കാരും അവരവരുടെ മൊബൈൽഫോൺ, വിലപ്പിടിപ്പുള്ള വസ്തുക്കൾ എന്നിവ സംബന്ധിച്ച് പരമാവധി ജാഗ്രത പുലർത്തണമെന്ന് തൃശ്ശൂർ സിറ്റി പോലീസ് ഫെയ്സ്ബുക്കിലൂടെ അഭ്യർഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വകാര്യബസിൽ സിസിടിവി ക്യാമറ സ്ഥാപിച്ച ബസ് ഉടമയെ സിറ്റി പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

അതിനിടെ, സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പേഴ്സ് നഷ്ടപ്പെട്ട യാത്രക്കാരിയും കമന്റ് ചെയ്തിട്ടുണ്ട്. തന്റെ പേഴ്സാണ് നഷ്ടപ്പെട്ടതെന്നും സെന്റ് തോമസ് കോളേജ് സ്റ്റോപ്പ് മുതൽ ജില്ലാ ആശുപത്രി വരെയുള്ള കാൽ കിലോമീറ്റർ ദൂരത്തിനിടെയാണ് സംഭവം നടന്നതെന്നും ഒരുമിനിട്ട് സമയം കൊണ്ടാണ് മോഷണം നടത്തിയതെന്നും ഇവർ കമന്റിൽ പറഞ്ഞു. മോഷ്ടാവ് തന്റെ ദേഹത്ത് സ്പർശിച്ചിട്ടേ ഇല്ല, അതിനാൽ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും ബസ് ജീവനക്കാരുടെയും പോലീസിന്റെയും സഹകരണത്തിന് നന്ദിയുണ്ടെന്നും ഇവർ ഫെയ്സ്ബുക്ക് കമന്റിലൂടെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker