ന്യൂഡൽഹി : സുപ്രീം കോടതി നിർദ്ദേശ പ്രകാരം നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂർ പള്ളിക്കര പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യ പട്ടികയിൽ ഒന്നാംറാങ്ക് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 61 ആയിരുന്നു. ഇതിൽ നാലു മലയാളികളും ഉണ്ടായിരുന്നു.
ആദ്യ നൂറു റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഉണ്ട്. കേരളത്തിൽ പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. exams.nta.ac.in വെബ്സൈറ്റില്‍ ഫലമറിയാം. പുതുക്കിയ പട്ടിക വന്നതോടെ 16000 വിദ്യാർത്ഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി.
തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻ.ടി.എയ്ക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.