കൊച്ചി: എറണാകുളം- ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യു.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി (UDF against Deputy collector election in charge). തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റുകയായിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചിരിക്കുന്നത്. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യു.ഡി.എഫിന് വേണ്ടി നല്‍കിയ പരാതിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
തൃക്കാക്കരയിൽ യുഡിഎഫ് ഉമാ തോമസിനേയും എൽഡിഎഫ് ഡോ ജോ ജോസഫിനേയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എ.എൻ.രാധാകൃഷ്ണനെയാണ് ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ആം ആദ്മി, ട്വൻ്റി ട്വൻ്റി എന്നിവർ സംയുക്ത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ്. തൃക്കാക്കരയിൽ മെയ് പതിനൊന്ന് വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്.
പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്ഗ്രസ് നേരിടുന്ന ആദ്യതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021-നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ.സുധാകരനും വിഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമാ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിനാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് സുധാകരൻ കണക്കു കൂട്ടുന്നൂ. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും.