ബൊക്കോറോ (ജാര്‍ഖണ്ഡ്): ഒഡിഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ ജാർഖണ്ഡിലെ ബൊക്കാറോയിൽ ചൊവ്വാഴ്ച ദില്ലി-ഭുവനേശ്വർ രാജധാനി എക്‌സ്പ്രസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സന്താൽഡിഹ് റെയിൽവേ ക്രോസിനു സമീപം റെയിൽവേ ഗേറ്റിൽ ട്രാക്ടർ ഇടിച്ച് കുടുങ്ങിയതിനെ തുടർന്നാണ് അപകട സാധ്യതയുണ്ടായത്.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ഭോജുദിഹ് റെയിൽവേ സ്റ്റേഷന് സമീപമുള്ള സന്താൽദിഹ് റെയിൽവേ ക്രോസിംഗിലാണ് സംഭവം. റെയിൽവേ ട്രാക്കിനും ഗേറ്റിനുമിടയിൽ ട്രാക്ടർ കുടുങ്ങുകയായിരുന്നു. ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് എത്തിയ ട്രാക്ടർ ട്രാക്കിൽ കുടുങ്ങി.
ഈ സമയമാണ് രാജധാനി എക്സ്പ്രസ് എത്തിയത്. ലോക്കോ പൈലറ്റ് ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ട്രെയിൻ 45 മിനിറ്റോളം വൈകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രാക്ടർ പിടിച്ചെടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗേറ്റ് മാനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. ട്രാക്ടർ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഷാലിമാർ-ചെന്നൈ സെൻട്രൽ ഇടിച്ചുണ്ടായ അപകടത്തിൽ 288 പേർ മരിക്കുകയും 1,100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനിലാണ് വൻ അപകടം നടന്നത്.