FootballNewsSports

ലോകകപ്പിലെ ആകെ സമ്മാനത്തുക 2500 കോടി,കപ്പുയര്‍ത്തിയാലും റണ്ണറപ്പായാലും കയ്യിലെത്തുന്നത് ഞെട്ടിയ്ക്കുന്ന തുക,സമ്മാനവിശേഷങ്ങളിങ്ങനെ

ദോഹ:ലോകം ഒരു പന്തിലേക്ക് ചുരുങ്ങുന്ന കാല്‍പ്പന്തിന്റെ ഉത്സവത്തിന് ഖത്തറില്‍ കൊടിയുയര്‍ന്നിരിയ്ക്കുകയാണ്. ഇനിയുള്ള 29 ദിവസം 32 ടീമുകള്‍ ആ സ്വര്‍ണ കിരീടത്തിനായി കളത്തിലിറങ്ങുകയാണ്. ഡിസംബര്‍ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിലെ കലാശപ്പോരിലേക്കാണ് ടീമുകളെല്ലാം കണ്ണെറിയുന്നത്.

എന്നാല്‍ കിരീട വിജയത്തിനൊപ്പം വമ്പന്‍ സമ്മാനത്തുകയാണ് ഓരോ ടീമിനെയും കാത്തിരിക്കുന്നത്. ചാമ്പ്യന്‍മാരെയും റണ്ണറപ്പുകളെയും കൂടാതെ സെമി ഫൈനലിസ്റ്റുകള്‍ക്കും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ക്കുമടക്കം ഞെട്ടിക്കുന്ന തുകയാണ് സമ്മാനമായി ലഭിക്കാന്‍ പോകുന്നത്.

ഈയിടെ സമാപിച്ച ട്വന്റി ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ലഭിച്ചതിനേക്കാള്‍ 25 ഇരട്ടിയിലേറെയാണ് ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളാകുന്ന ടീമിന് ലഭിക്കുന്ന സമ്മാനത്തുക. ആകെ 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ ടീമുകള്‍ക്കും താരങ്ങള്‍ക്കുമായി ലഭിക്കുക.

ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ കിരീടം നേടിയ ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക 1.6 ദശലക്ഷം ഡോളര്‍ (ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപ) ആയിരുന്നു. റണ്ണറപ്പുകളായ പാകിസ്താന് 0.8 ദശലക്ഷം ഡോളറും (ഏകദേശം ആറര കോടിയോളം ഇന്ത്യന്‍ രൂപ), സെമി ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്കും ന്യൂസീലന്‍ഡിനും 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) വീതവുമാണ് ലഭിച്ചത്.

എന്നാല്‍ ഇത്തവണ ഖത്തറില്‍ കിരീടമുയര്‍ത്തുന്ന ടീമിന് ലഭിക്കാന്‍ പോകുന്നത് 42 ദശലക്ഷം ഡോളര്‍ അഥവാ 344 കോടി ഇന്ത്യന്‍ രൂപയാണ്. റണ്ണറപ്പുകളെ കാത്തിരിക്കുന്നതോ 30 ദശലക്ഷം ഡോളര്‍ അഥവാ 245 കോടി ഇന്ത്യന്‍ രൂപയും. വമ്പന്‍ തുകകളുടെ കണക്കുകള്‍ ഇവിടംകൊണ്ടും തീരുന്നില്ല. മൂന്നാം സ്ഥാനക്കാര്‍ക്ക് 27 ദശലക്ഷം ഡോളര്‍ (220 കോടി ഇന്ത്യന്‍ രൂപ), നാലാം സ്ഥാനക്കാര്‍ക്ക് 25 ദശലക്ഷം ഡോളര്‍ (204 കോടി ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.

അഞ്ച് മുതല്‍ എട്ട് വരെയുള്ള സ്ഥാനക്കാര്‍ക്ക് (ക്വാര്‍ട്ടര്‍) 17 ദശലക്ഷം ഡോളര്‍ (138 കോടി ഇന്ത്യന്‍ രൂപ) ആണ് ലഭിക്കുക. പ്രീക്വാര്‍ട്ടറില്‍ മടങ്ങുന്ന ടീമുകള്‍ക്ക് അഥവാ ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനക്കാര്‍ക്ക് 13 ദശലക്ഷം ഡോളര്‍ (106 കോടി ഇന്ത്യന്‍ രൂപ) വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്കു പോലും ഒമ്പത് ദശലക്ഷം ഡോളര്‍ (74 കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനമായി ലഭിക്കുക. അതായത് ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ടീമിന് പോലും ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ടീമിനേക്കാള്‍ ഉയര്‍ന്ന സമ്മാനത്തുകയാണ് ലഭിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button