CrimeNationalNews

തത്തയുടെ മൊഴിയില്‍ കുരുക്കഴിഞ്ഞു,മാധ്യമപ്രവര്‍ത്തകയെ വധിച്ച പ്രതിയ്ക്ക് ജീവപര്യന്തം

ആഗ്ര: പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം. 2014 ഫെബ്രുവരി 20നാണ് നീലം ശർമയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫിറോസാബാദിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്ന നീലത്തിന്റെ ഭർത്താവും രണ്ടു മക്കളും തിരികെ എത്തിപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതോടെ പണം കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി.

എന്നാൽ കൊലപാതകിയെ കുറിച്ച് തുമ്പുണ്ടാക്കാൻ പൊലീസിനു കഴിഞ്ഞില്ല. നീലത്തിനൊപ്പം വളർത്തു നായയും മരിച്ചിരുന്നു. വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിൽ അന്വേഷണം നടത്തിയിട്ടും യാതൊരു തുമ്പും ഉണ്ടായില്ല. ഇതിനിടെയാണ് തത്ത ഇവരുടെ ബന്ധുവും കൊലപാതകിയുമായ അഷുവിന്റെ പേരിൽ മൊഴി നൽകിയത്.

എംബിഎ പഠിക്കുന്നതിനായി 80,000 രൂപ ബന്ധുവായ അഷുവിന് വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് അറിഞ്ഞ അഷു വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് കൂട്ടുകാരനുമായി ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു. എന്നാൽ നീലത്തെ അഷു കൊലപ്പെടുത്തുന്നത് തത്ത കണ്ടിരുന്നു. നീലത്തിന്റെ മരണത്തോടെ തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തി. പിന്നീട് സംസാരിക്കാതെയുമായി. ഇതോടെയാണ് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് വിജയ്ക്ക് സംശയം തോന്നിയത്.

ഇതോടെ വീട്ടിൽ വരുന്നവരുടെയും തനിക്ക് സംശയമുള്ളവരുടെയും പേരുകൾ ഓരോന്നായി വിജയ് തത്തയോട് പറയാൻതുടങ്ങി. അഷുവിന്റെ പേര് കേട്ടതും തത്ത ആകെ അസ്വസ്ഥത പ്രകടിപ്പിച്ച് അഷു അഷു എന്ന് വിളിച്ച് ഓടി നടന്നു. ഇതോടെ വിജയ് വിവരം പൊലീസിൽ അറിയിച്ചു. അഷുവിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പൊലീസിന് മുന്നിലും തത്ത അഷുവിന്റെ പേര് ആവർത്തിച്ചതോടെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊലപ്പെടുത്തിയാതണെന്ന് അഷു കുറ്റസമ്മതം നടത്തി.

തത്തയുടെ മൊഴി നിർണായകമായെങ്കിലും നിയമം അനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയുകയില്ല. പക്ഷേ അന്വേഷണത്തിലുടനീളം തത്തയുടെ കാര്യം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്. അഷുവിന് ശിക്ഷ വിധിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ കോവിഡ് കാലത്ത് നീലത്തിന്റെ ഭർത്താവ് വിജയ് ശർമ മരിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നും മറ്റാർക്കും ഇത്തരം ഹൃദയഭേദകമായ അവസ്ഥയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും നീലത്തിന്റെ മകൾ നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker