തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ സിബിഐ ഇന്ന് പി സി ജോര്‍ജിന്റെ മൊഴിയെടുക്കും. സാക്ഷി എന്ന നിലയിലാണ് പി സി ജോര്‍ജിന്റെ മൊഴിയെടുക്കുന്നത്. പരാതിക്കാരി പീഡനവിവരങ്ങളടക്കമുളള കാര്യങ്ങള്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കല്‍. പരാതിക്കാരിയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണന്റെ മൊഴിയും ഇന്ന് എടുക്കും.
എറണാകുളം വെണ്ണലയില്‍ മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയിലും വിദ്വേഷ പ്രസംഗം നടത്തിയെന്ന് കാണിച്ച് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ് സ്വമേധയ കേസെടുത്തു. ഈ കേസില്‍ പിസി ജോര്‍ജ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്. മതവിദ്വേഷ പ്രസംഗം ആവര്‍ത്തിച്ച പിസി ജോര്‍ജിന്റെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും.
പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമ്മീഷര്‍ എച്ച് നാഗരാജു പ്രതികരിച്ചിരുന്നു. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് പുതിയ കേസ്. പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടെന്നും പ്രസംഗത്തിന്റെ വീഡിയോ കൂടി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷര്‍ എച്ച് നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.