KeralaNews

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്; വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും പ്രതീക്ഷ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. രാവിലെ ഒന്‍പത് മണിക്കാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റ് അവതരിപ്പിക്കാനാകും ധനമന്ത്രിയുടെ ശ്രമം.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന നേരിട്ട സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ക്ഷേമപദ്ധതികള്‍ ഏതു നിലയില്‍ കൊണ്ടുപോകണമെന്നതിലും വികസനത്തിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളിലേക്കുമുള്ള ഒരു ചൂണ്ടുപലകയാകും ഈ ബജറ്റ് എന്നാണ് സാമ്പത്തികവിദഗ്ധര്‍ പറയുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് എന്ന നിലയില്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കാതെ, അതേസമയം എല്ലാ വിഭാഗങ്ങളെയും ആശ്ലേഷം ചെയ്യുന്ന തന്ത്രമായിരിക്കും ബജറ്റില്‍ സ്വീകരിക്കുകയെന്നാണ് വിവരം. കേരളം ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തികപ്രതിസന്ധി നേരിട്ടാണ് ധനമന്ത്രി ബാലഗോപാല്‍ കഴിഞ്ഞ നാലു ബജറ്റും അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.

നികുതിവര്‍ധനയ്ക്ക് അവസരമില്ലാത്ത പശ്ചാത്തലത്തില്‍ കഴിയാവുന്ന മേഖലകളില്‍നിന്ന് പരമാവധി വരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ബജറ്റുകളില്‍ അദ്ദേഹം നടത്തിയത്. എന്നാല്‍ അതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഈ വര്‍ഷം അവസാനം തദ്ദേശതെരഞ്ഞെടുപ്പും അടുത്തവര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന നിര്‍ദേശം ഇടതുമുന്നണിയില്‍നിന്നുണ്ടായിട്ടുണ്ട്

ടൂറിസമാണ് മറ്റൊരു പ്രധാന മേഖല. വയനാട് സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നിരിക്കെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രഖ്യാപനങ്ങളും പ്രധാനപ്പെട്ടതാണ്. പ്രകടന പത്രികയിലെ വാഗ്ദാനം പൂര്‍ണമായും പാലിക്കില്ലെങ്കിലും 100 മുതല്‍ 200 വരെയുള്ള വര്‍ധനവാണ് ധനമന്ത്രിയുടെ പരിഗണനയിലുള്ളതെന്നാണ് സൂചന. അധിക വരുമാനത്തിനായി മോട്ടോര്‍ വാഹന നികുതി, ഭൂനികുതി എന്നിവയ്ക്ക് മേല്‍ സെസ്, സേവനങ്ങള്‍ക്കുള്ള ഫീസും പിഴയും വര്‍ധിപ്പിക്കും. വിഴിഞ്ഞത്തിനും വയനാടിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെയും പരിഗണിക്കുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker