കോട്ടയം : പാമ്പുപിടിക്കുന്നതിന്റെ മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിലുള്ള വാവ സുരേഷിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കോട്ടയത്തെ കുറിച്ചിയിലുള്ള പാട്ടശ്ശേരി ഗ്രാമം. നാടിന്റെ രക്ഷകനായി എത്തിയയാളാണ് ഒരനക്കവുമില്ലാതെ വെന്റിലേറ്ററിൽ കിടക്കുന്നത്. ഇത് സഹിക്കാനാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ തങ്ങൾ വാവ സുരേഷിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. വാവ സുരേഷ് അത്രയ്‌ക്ക് പ്രിയപ്പെട്ടവനായി തങ്ങൾക്ക് മാറിക്കഴിഞ്ഞു. ദൈവം വാവ സുരേഷിനെ തിരികെ കൊണ്ടുവരുമെന്നും പ്രദേശവാസികൾ പറഞ്ഞു.
ഒരാഴ്ച മുൻപാണ് പ്രദേശത്തെ ഒരു വീടിന് മുന്നിലെ പാറക്കല്ലുകൾക്കിടയിൽ ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടത്. അന്ന് തന്നെ വാർഡ് മെമ്പർ വഴി വാവ സുരേഷിനെ വിളിച്ചിരുന്നു. എന്നാൽ, വാഹനാപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്ന മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഞായറാഴ്ച വാവാ സുരേഷ് തന്നെ തിരികെ വിളിച്ച് തിങ്കളാഴ്ച എത്തും എന്ന് അറിയിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് വാവാ സുരേഷ് സ്ഥലത്തെത്തിയത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ നാട്ടുകാരാണ് കല്ലുകൾ മാറ്റി കൊടുത്തത്. തുടർന്ന് വളരെ വേഗത്തിൽ പാമ്പിനെ പിടിക്കാനായി. എന്നാൽ ചാക്കിലാക്കുന്നതിനിടെ പാമ്പ് കടിയേറ്റു. അതോടെ പാമ്പിനെ വലിച്ച് നിലത്തിട്ടെങ്കിലും വീണ്ടും തിരികെ പോയി പാമ്പിനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് വാവ സുരേഷ്. വാവ സുരേഷിന് ആപത്തൊന്നും ഉണ്ടാകാതെ അദ്ദേഹം പൂർണ ആരോഗ്യത്തോടെ തന്നെ തിരികെ ജീവിതത്തിലേക്ക് വരൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഇതിനിടയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വിമർശിക്കാനും നിരവധി പേർ മുൻനിരയിൽ തന്നെയുണ്ട്. വാവ സുരേഷിനെ ഈ പണിക്ക് കൊണ്ടുപോകുന്നത് സർക്കാർ നിർത്തിക്കണമെന്ന ആവശ്യവുമായി അഡ്വ. ഹരീഷ് വാസുദേവൻ അടക്കമുള്ളവർ രംഗത്തുണ്ട്.
വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് വഴി അദ്ദേഹത്തിനും കണ്ടു നിൽക്കുന്നവർക്കും മാത്രമല്ല, ആ പാമ്പിനും അപകടമുണ്ട് എന്നും വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല എന്നും ആണ് ഇപ്പോഴത്തെ വിമർശനം. നാട്ടുകാർക്ക് റിസ്ക്ക് ആണെന്നും ഇക്കൂട്ടർ നിരീക്ഷിക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാമ്പിനെ പിടികൂടിയ സ്ഥലത്ത് വെച്ച് നടന്ന സംഭവങ്ങൾ പാമ്പിന്റെ മാത്രമല്ല, നാട്ടുകാരുടെ ജീവനും അദ്ദേഹം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ സൂചന ആണെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്.
നാടിനെ വിറപ്പിച്ച മൂർഖന്റെ അടുത്തേക്ക് പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കല്ലുകൾ മാറ്റി പാമ്പിനെ കണ്ടതും സുരേഷ് പാമ്പിനെ പിടികൂടി. പാമ്പ് നാലു തവണ ചാക്കിൽ നിന്നു പുറത്തു ചാടി. അഞ്ചാം തവണ സുരേഷ് കാല് ചാക്കിനടുത്തേക്ക് നീക്കിവെച്ചപ്പോഴാണ് പാമ്പ് കടിച്ചത്. സുരേഷിന്റെ കയ്യിൽ നിന്നു പിടിവിട്ടതോടെ പാമ്പ് വീണ്ടും ഇളക്കിയിട്ട കരിങ്കല്ലിന്റെ ഇടയിൽ ഒളിച്ചു. സ്വന്തം ജീവന് മാത്രമാണ് അദ്ദേഹം നോക്കുന്നതെങ്കിൽ അപ്പോൾ തന്നെ അവിടം വിട്ടേനെ.
എന്നാൽ, വാവ സുരേഷ് അതിന് തയ്യാറായില്ല. മറിച്ച്, കരിങ്കല്ല് നീക്കി അതിനിടയിൽ ഒളിച്ച പാമ്പിനെ പിടിച്ചു കാർഡ്ബോർഡ് ബോക്സിലാക്കി സ്വന്തം കാറിൽ കൊണ്ടു വച്ചു. പ്രഥമശുശ്രൂഷ ചെയ്തു. കാലിൽ കടിയേറ്റ ഭാഗം വെള്ളം കൊണ്ടു കഴുകി. രക്തം ഞെക്കികകളഞ്ഞു. തുണി കൊണ്ട് മുറിവായി കെട്ടി. സുരേഷിന്റെ കാറിൽത്തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ അദ്ദേഹം സംസാരിച്ചിരുന്നു. പിന്നീടാണ് ബോധം മറഞ്ഞത്.