കമല്‍ ഹാസനെ ഉപേക്ഷിക്കാനുണ്ടായ കാരണം?മനസ് തുറന്ന് ഗൗതമി
ചെന്നൈ:നടന്‍ കമല്‍ഹാസന്റെ കുടുംബജീവിതത്തെ പറ്റിയുള്ള കഥകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. അതില്‍ പ്രധാനം നടി ഗൗതമിയുമായിട്ടുണ്ടായ ജീവിതത്തെ പറ്റിയാണ്. ഇപ്പോഴിതാ കമലുമായിട്ടുണ്ടായ ദാമ്പത്യത്തെ കുറിച്ചും അത് പിരിയാനുണ്ടായ കാരണത്തെ പറ്റിയും ഗൗതമി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.
കമല്‍ ഹാസന് പുറമേ രജനികാന്ത്, വിജയകാന്ത്, പ്രഭു, രാമരാജന്‍ തുടങ്ങി തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കും മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച് പ്രശസ്തയായ നടിയാണ് ഗൗതമി. തെലുങ്കിലാണ് ഗൗതമിയുടെ സിനിമാ ജീവിതം തുടങ്ങിയതെങ്കിലും നടിയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചത് തമിഴ് സിനിമയിലാണ്. ഒരു കാലത്ത് മലയാളത്തിലും നടി സജീവമായിരുന്നു.
അങ്ങനെ മുന്‍നിര നടിയായിരുന്നപ്പോള്‍ 1998 ലാണ് ഗൗതമി ഏറെ കാലം ആണ്‍സുഹൃത്തായിരുന്ന സന്ദീപ് ഭാട്ടിയയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. ഒടുവിലത് വിവാഹമോചനത്തില്‍ കലാശിച്ചു.
അക്കാലത്ത് ഗൗതമിയ്ക്ക് പിന്തുണ കൊടുത്തത് മുന്‍ കാമുകനും നടനുമായ കമല്‍ഹാസനായിരുന്നു. ‘ദേവമഗന്‍’ എന്ന സിനിമയില്‍ കമല്‍ഹാസനും ഗൗതമിയും നായിക, നായകന്മാരായി ഒന്നിച്ചഭിനയിച്ചിരുന്നു. ആ സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നെന്ന് പറയപ്പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് കമല്‍ഹാസന്‍ വിവാഹിതനായതിനാല്‍ പ്രണയം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചിരുന്നില്ലെന്നാണ് വാര്‍ത്തകള്‍.
പിന്നീട് ഒരു വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതവും അവസാനിപ്പിച്ച് ഗൗതമി മകളെയും കൂട്ടി അമേരിക്കയില്‍ നിന്ന് ചെന്നൈയിലെത്തി. ശേഷം കമല്‍ ഹാസനുമൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. വിവാഹിതരാവാതെ ലിവിംഗ് റിലേഷനിലായിരുന്നു താരങ്ങള്‍. തിരിച്ച് വരവില്‍ ഗൗതമി സിനിമകളിലും സീരിയലുകളിലുമൊക്കെ അഭിനയിച്ച് തുടങ്ങി. അങ്ങനെ മിനിസ്‌ക്രീനില്‍ സജീവമാകുന്നതിനിടെയാണ് പെട്ടെന്ന് നടിയ്ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തുന്നത്.
അക്കാലത്ത് കമല്‍ ഗൗതമിയെ നന്നായി പരിപാലിക്കുകയും വിവാഹം കഴിക്കാതെ ഇരുവരും വര്‍ഷങ്ങളോളം ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുകയും ചെയ്തു. പിന്നീട് 2016ല്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ കമല്‍ഹാസനുമായി വേര്‍പിരിയുകയാണെന്ന് ഗൗതമി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്. മകളുടെ ഭാവി മുന്നില്‍ കണ്ടു പിരിയുകയാണെന്ന് മാത്രമേ നടി അന്ന് പറഞ്ഞുള്ളൂ. ഇത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണമായി.
കമല്‍ഹാസനുമായുള്ള ബന്ധം വേര്‍പെടുത്തിയതിന് ശേഷം, ഇടയ്ക്കിടെ ഗൗതമി സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് കൂടാതെ കാന്‍സര്‍ ബോധവല്‍ക്കരണത്തിലും രാഷ്ട്രീയത്തിലുമൊക്കെ സജീവമായി. ഈ സാഹചര്യത്തില്‍ ഒരു അഭിമുഖത്തിലാണ് ഗൗതമി കമലുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് പറഞ്ഞത്.
‘നമ്മളൊരു ബന്ധത്തിലായിരിക്കുമ്പോള്‍, ആ ബന്ധം വിജയിച്ചില്ലെങ്കില്‍ എല്ലാ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കേണ്ടതില്ല. ഇരുവരും തമ്മിലുള്ള സ്‌നേഹം, പ്രതിബദ്ധത തുടങ്ങിയവ തുല്യമായിരിക്കണം. എങ്കില്‍ മാത്രമേ ആ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കൂ. ഏത് തരത്തിലുള്ള ബന്ധമാണെങ്കിലും, അവര്‍ക്കിടയില്‍ ഒരു കേന്ദ്രബിന്ദു ഉണ്ടായിരിക്കണം. രണ്ട് വ്യക്തികളുടെ ബന്ധത്തില്‍ ഇത് 50 ശതമാനത്തില്‍ കൂടരുത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമായാണ് ഞാന്‍ ഇതിലൂടെ പഠിച്ചതെന്നും’, ഗൗതമി പറഞ്ഞു.
നടിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഇതാണോ കമല്‍ ഹാസനുമായിട്ടുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ചോദിക്കുകയാണ് ആരാധകര്‍. സ്വന്തം ജീവിതത്തില്‍ ഒരു പാഠം പഠിച്ചുവെന്ന് ഗൗതമി പറഞ്ഞതിനാല്‍ നടനുമായിട്ടുള്ള ബന്ധം അവസാനിച്ചതിന്റെ പ്രധാന കാരണം ഇതായിരിക്കുമെന്ന് ഊഹിക്കുകയാണ് ആരാധകര്‍.