മകൊച്ചി:ലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമ ആണ് കിരീടം. സിബി മലയിൽ-ലോഹിതാദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ ഇപ്പോഴും പ്രേക്ഷക മനസ്സിൽ അവിസ്മരണീയമായി നിലനിൽക്കുന്നു. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനവുമാണ് സിനിമയിൽ കാണാനായത്. ദുരന്ത നായകനായി ലാൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താൽ അതിൽ ആദ്യ നിരയിൽ തന്നെ ഇടം പിടിക്കുന്ന സിനിമയാണ് കിരീടം.
എൻ കൃഷ്ണ കുമാറും ദിനേശ് പണിക്കറും ചേർന്നാണ് കിരീടം എന്ന സിനിമ നിർമ്മിച്ചത്. മുമ്പൊരിക്കൽ കിരീടം സിനിമയെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിൽ മോഹൻലാൽ നായകൻ ആയതിനെക്കുറിച്ചാണ് കൃഷ്ണ കുമാർ സംസാരിച്ചത്. കൈരളി ടിവിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1989 ലാണ് കിരീടം റിലീസ് ചെയ്യുന്നത്. സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ഒരു പോലെ സിനിമയ്ക്ക് നേടാനായി.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിന് ശേഷം അഭിനയിച്ച സിനിമകളിൽ നിന്നും ആദ്യം ലഭിച്ച അംഗീകാരം ലാലിന് ലഭിച്ചില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വളരെ പുതുമയുള്ള കഥാപാത്രത്തെ ആണ് ലാൽ അവതരിപ്പിച്ചത്. പെട്ടെന്ന് ജനങ്ങൾ അത് സ്വീകരിച്ചു. അതിന് ശേഷം ലാൽ വന്ന സിനിമകൾ ഓക്കെ എന്നേ പറയാൻ പറ്റുമായിരുന്നുള്ളൂ’
‘കിരീടം എന്ന സിനിമ നിർമിക്കാനും ലാലിനെ നായകനാക്കാനും തീരുമാനിച്ചിരുന്നില്ല. പെട്ടെന്ന് മോഹൻലാലിന്റെ മാർക്കറ്റ് ഉയർന്നു. മോഹൻലാലിന്റെ സിനിമകൾക്ക് മിനിമം വിജയം ഉറപ്പ് നൽകാനാവുമെന്നതായതോടെ നടന്റെ ഡേറ്റുകൾക്ക് നിർമാതാക്കൾ ശ്രമിച്ചു’
‘സിനിമകളിൽ നിന്ന് മാറി നിന്ന് ബിസിനസ് മാനേജരായി വർക്ക് ചെയ്യുന്ന സമയത്താണ് ലാലിനെ യാദൃശ്ചികമായി കാണുന്നത്. ഇപ്പോൾ എന്റെ പടങ്ങൾക്ക് ഒരു വിധം മാർക്കറ്റ് ഉള്ള സമയമാണ്, നീ പടം പ്ലാൻ ചെയ് ഞാൻ ഡേറ്റ് തരാം എന്ന് ലാൽ പറഞ്ഞു. ആ പറഞ്ഞ വാക്കിൽ നിന്നാണ് കിരീടം ഉണ്ടായത്. ദിനേഷും ഞാനും ചേർന്നാണ് കിരീടം നിർമ്മിക്കുന്നത്’
‘സിബി മലയിലും ഞാനും തമ്മിൽ ബന്ധം ഉണ്ടാവുന്നത് പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന സിനിമയിലൂടെ ആണ്. ലാൽ അന്ന് ആക്ഷൻ സിനിമകളുടെ ഭാഗമായിരുന്നു, ലോഹിയുടെ കഥകൾ കുടുംബ കഥയും. അത് എങ്ങനെ വരുമെന്ന ഭയം ലാലിന് ഉണ്ടായിരുന്നോ എന്നറിയില്ല’
‘എങ്കിലും ലാൽ സമ്മതിച്ചു. എഴുതി മുഴുവൻ സ്ക്രിപ്റ്റും ലാലിന് കൊടുത്തു. വായിച്ച ശേഷം ലാൽ നൂറ് ശതമാനം സന്തോഷത്തോടെ സമ്മതിച്ചു ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഒരു കുട്ടിയെ പോലെ ഇങ്ങനെ ചെയ്തോട്ടെ എന്ന് സംശയം ചോദിച്ച് കഥാപാത്രമായി ലാൽ വളരുകയാണ്. അവസാനത്തെ ക്ലെെമാക്സ് സീനിൽ ലാൽ കത്തിയുമായി വന്ന് കാള വണ്ടിയിൽ ഇടിച്ച് നിൽക്കുന്ന സീൻ ഉണ്ട്’
‘അതിൽ ലാൽ ച്യൂയിംഗ് ചവയ്ക്കുന്ന പോലെ ചവയ്ക്കുന്നുണ്ട്. ഞാനങ്ങനെ ചെയ്തോട്ടെ എന്ന് ലാൽ സിബിയോട് വന്ന് ചോദിച്ചിരുന്നു. ധൈര്യമായി ചെയ്തോ എന്ന് സിബി പറഞ്ഞു,’ എൻ കൃഷ്ണകുമാർ പറഞ്ഞു.