CrimeKeralaNews

ആലപ്പുഴയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ്; നിർണായകമായത് സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയത്

ആലപ്പുഴ: മണ്ണഞ്ചേരിയിൽ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.

പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. പാലായിൽ സമാനമായ രീതിയിൽ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്.

പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി. 

പിടിയിലായ സന്തോഷിൻ്റെ പേരിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും തമിഴ്നാട്ടിൽ നിന്നാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു. മൂന്ന് മാസം ജയിലിൽ കിടന്നതാണ്. കഴിഞ്ഞ 3 മാസമായി പാല സ്റ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. 

ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതും സന്തോഷ് ശെൽവവും മണികണ്ഠനും അടങ്ങുന്ന സംഘമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂ‍ർ നീണ്ട തെരച്ചിലിനൊടുവിലാണ് ചതുപ്പിൽ നിന്നാണ് സാഹസികമായി പിടികൂടിയത്. 

ആലപ്പുഴ കവർച്ചാ കേസിൽ പിടിയിലായവരുടെ കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി നിരപരാധികളാണെന്നും പൊലീസ് കുടുക്കിയതാണെന്നും ആരോപിച്ചിരുന്നു. കുപ്പി വിൽക്കുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. പൊലീസ് അകാരണമായി പിടിച്ച് കൊണ്ട് പോയതാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് തളളി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker