കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ച് കേസ് ഒതുക്കിതീർക്കാൻ പോലീസ് ശ്രമിച്ചെന്നും പോലീസ് ഉദ്യോഗസ്ഥൻ പണം വാഗ്ദാനം ചെയ്തെന്നുമാണ് ആരോപണം. യുവതിയുടെ പിതാവിനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് വാർത്ത റിപ്പോർട്ടു ചെയ്തത്.
‘കേസ് ഒതുക്കാനാണ് തുടക്കംമുതൽ പോലീസ് ശ്രമിച്ചത്. മൃതദേഹം കൈമാറിയപ്പോൾ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് നിരസിച്ചു. മകളുടെ മൃതദേഹം കാണാൻ പോലീസ് അനുവദിച്ചിരുന്നില്ല. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ തങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടിവന്നു’, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറയുന്നു.
ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്.
ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.