![](https://breakingkerala.com/wp-content/uploads/2025/02/1008047-shi.jpg)
കോട്ടയം: പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി സമീപത്തെ ക്ഷേത്ര കമ്മിറ്റി. വെള്ളാപ്പാട് ഭഗവതി ക്ഷേത്രം അധികാരികളാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചത്. ഇതോടെ സംഭവസ്ഥലം വിശ്വഹിന്ദുപരിഷത്ത് ജില്ല ഭാരവാഹി മോഹനന്‍ പനയ്ക്കല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. ഇവിടെ പ്രത്യേക പൂജയും പ്രാര്‍ഥനകളും നടത്തി.
കഴിഞ്ഞ ദിവസമാണ് പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താന്‍ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശവാദമുന്നയിച്ചു. കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്ഥലം മാന്തിയപ്പോഴാണ് രണ്ട് വിഗ്രഹവും സോപാനക്കല്ലും കണ്ടത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണിത്. ഇവ ശിവലിംഗവും പാര്‍വതി വിഗ്രഹവുമാണെന്നും വിഗ്രഹത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടെന്നും സ്ഥലം സന്ദര്‍ശിച്ച വെള്ളാപ്പാട് ഭഗവതി ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പറഞ്ഞു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തുടര്‍ന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവര്‍ പറയുന്നത്. ഇവിടെ ബലിക്കല്ലും പീഠവും കിണറും ഉണ്ടായിരുന്നതായി കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ ഉള്ള താമസക്കാരുടെ മുത്തച്ഛന്റെ ചെറുപ്പത്തില്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്നും ‘തേവര്‍ പുരയിടം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും അവര്‍ പറയുന്നു.
കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവത്രെ. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.
ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ഇവര്‍ ആരോപിക്കുന്നു. ഈ രീതിയില്‍ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വില്‍പന നടത്തിയത് എന്നുമാണ് ഇവരുടെ ആരോപണം. ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച് നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കി. നേരത്തെ പലതവണ കൈമറിഞ്ഞ് ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന ഈ ഭൂമി വാങ്ങിയത്.