മൂവാറ്റുപുഴ: ബൈക്കിലെത്തിയ സംഘം മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു എന്നത് സ്വകാര്യ ബാങ്ക് മാനേജരുടെ കള്ളക്കഥയെന്ന് പോലീസ് കണ്ടെത്തി. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്ക് മാനേജരായ രാഹുല്‍ പോലീസിനോട് പറഞ്ഞതും പ്രചരിപ്പിച്ചതും സ്വയം തയ്യാറാക്കിയ തിരക്കഥയെന്നും വ്യക്തമായി.
ഒറ്റ രാത്രികൊണ്ട് നുണക്കഥ പൊളിച്ച് ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയുടെ ആഭരണം ഇയാള്‍ ജോലി ചെയ്തിരുന്ന സെക്യുര്‍ നിധി എന്ന സ്ഥാപനത്തില്‍ നിന്നും 6 ലക്ഷം രൂപയുടെ ആഭരണം വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.
26 ലക്ഷം രൂപ വിലമതിക്കുന്ന 630 ഗ്രാം സ്വര്‍ണമാണ് കച്ചേരിത്താഴത്തെ കെ.പി.ബി. നിധി എന്ന സ്ഥാപനത്തില്‍ നിന്ന് സെക്യുര്‍ നിധിയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ ഒരു ഭാഗം സ്ഥാപനത്തില്‍ കൊണ്ടുവെച്ചു.
ബാക്കി അമ്പലത്തിനു സമീപം ഒളിപ്പിച്ചു. സെക്യുര്‍ നിധിയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ 530 ഗ്രാം സ്വര്‍ണത്തിന്റെ കുറവ് കണ്ടെത്തിയിരുന്നുവെന്നും ഇത് ശരിയാക്കാന്‍ രാഹുലിന് സാവകാശം നല്‍കിയിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതിനിടെയാണ് മോഷണ നാടകം അരങ്ങേറിയത്.
വാഴപ്പിള്ളി തൃക്ക ക്ഷേത്രത്തിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12.50 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തന്റെ മുഖത്തേക്ക് മുളകുപൊടി വിതറി ആഭരണങ്ങളടങ്ങിയ ബാഗുമായി കടന്നുകളഞ്ഞുവെന്നായിരുന്നു രാഹുലിന്റെ മൊഴി.
സ്ഥലപരിശോധനയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ പോലീസ് വ്യാഴാഴ്ച രാത്രി രാഹുലിനെ വിശദമായി ചോദ്യം ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ പ്രത്യേക അന്വേഷണ സംഘവും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യലിനെത്തി. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ രാഹുല്‍ പിന്നീട് സത്യം വ്യക്തമാക്കി.