35.2 C
Kottayam
Wednesday, April 24, 2024

മിന്നൽ പ്രളയത്തിൽ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസിക രക്ഷപ്പെടുത്തൽ; വീഡിയോ വൈറൽ

Must read

സേലം: മിന്നൽ പ്രളയത്തിൽ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ ആനൈവാരിയിലാണ് സംഭവം. ആനൈവാരി വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ഇവരെ രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണ രക്ഷാപ്രവർത്തകർ നീന്തി രക്ഷപ്പെട്ടു.

ആനൈവാരി മുട്ടൽ വെള്ളച്ചാട്ടം സേലം ജില്ലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാൽ കനത്ത മഴ പെയ്താൽ ഈ പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പാച്ചിലുണ്ടാകും. ഇതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളച്ചാട്ടത്തിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള സാഹസിക നടപടിയെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പെടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചു.

‘അമ്മയെയും മകളെയും രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരുടെ ധീരമായ പ്രവൃത്തി അഭിനന്ദനീയമാണെ’,ന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

കുഞ്ഞിനെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു സ്ത്രീ അപകടകരമായ രീതിയിൽ ഒരു പാറയുടെ മുകളിൽ ബാലൻസ് ചെയ്ത് നിൽകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ആദ്യം കാണാനാകുന്നത്. അവർക്ക് മുന്നിലൂടെ വെള്ളം കലിതുള്ളി ഒഴുകുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ യുവതിയെയും കുഞ്ഞിനെയും കയർ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.

കുട്ടിയെ ശ്രദ്ധാപൂർവം ഉയർത്തുന്നതും തുടർന്ന് കയറിന്റെ സഹായത്തോടെ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അമ്മയെയും മകളെയും രക്ഷപ്പെടുത്താൻ മുന്നോട്ട് വന്നവരെ സമൂഹമാധ്യമങ്ങളിൽ പ്രശംസ കൊണ്ട് പൊതിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week