FeaturedHome-bannerKeralaNews

ബേലൂർ മഖ്നയെ വളഞ്ഞ് ദൗത്യസംഘം; കാടിന് പുറത്തേക്ക് എത്തിച്ചശേഷം മയക്കുവെടിവെക്കാൻ നീക്കം

മാനന്തവാടി: വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മാഖ്നയുള്ള സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞു. ബാവലി സെക്ഷനിലെ വനമേഖലയില്‍നിന്ന് ആനയുടെ സിഗ്നല്‍ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളിലേക്ക് പോകുകയും ആനയുള്ള പ്രദേശം വളയുകയും ചെയ്തതായാണ് സൂചന.

ബാവലിക്കടുത്ത് അമ്പത്തിയെട്ടിനടുത്താണ് നിലവില്‍ ആനയുള്ളത്. ആനയെ തളയ്ക്കുന്നതിനായി കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യ, ഭരത് എന്നീ കുങ്കിയാനകള്‍ ബാവലി മേഖലയില്‍ എത്തിയിട്ടുണ്ട്. ആനയെ കാട്ടിൽനിന്ന് പുറത്തേക്ക് എത്തിച്ചശേഷം വൈകുന്നേരത്തോടെ മയക്കുവെടി വെക്കാനാണ് നീക്കം. ഇപ്പോൾ ആനയുള്ള സ്ഥലത്തേക്ക് വാഹനം എത്തിക്കാൻ പ്രയാസമുള്ളതിനാലാണിത്.

മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന് പുറമെ റെവന്യു, പോലീസ് ഉദ്യോ​ഗസ്ഥരും പ്രദേശത്തുണ്ട്. ബാവലിയില്‍ ജനങ്ങള്‍ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവർഷം നവംബറിൽ ഹാസനിലെ ബേലൂരിൽനിന്ന് പിടികൂടിയ, സ്ഥിരം കുഴപ്പക്കാരനും അക്രമകാരിയുമായ മോഴയാനയാണ് ബേലൂർ മാഖ്ന. ജനവാസകേന്ദ്രങ്ങളിലിറങ്ങി കുഴപ്പമുണ്ടാക്കിയതോടെയാണ് ഈ ആനയെ അന്ന് പിടികൂടിയത്. ഇതേ ആനയാണ് ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. ആനയെക്കണ്ട് അജീഷ് സമീപത്തുള്ള പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button