കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ചാണ് തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റുലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവം. അയൽവാസിയായ സതീശൻ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോൾ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടൻ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് ഒരു മുറിയിൽ സനലിനെ തൂങ്ങിയ നിലയിലും മറ്റൊരു മുറിയിൽ സുമിയെ വെന്തുമരിച്ച നിലയിലും കണ്ടെത്തിയത്.
ആറും പന്ത്രണ്ടും വയസുള്ള കുട്ടികളിൽ ആറു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെന്ന് കുറിപ്പിലുണ്ട്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനൽ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനൽ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂർ ജംഗ്ഷനിൽ അക്ഷയകേന്ദ്രം നടത്തിവരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)